‘ഇനിയും വരാനുണ്ട്’; ബിജെപി നേതാവിൻ്റെ അശ്ലീല വീഡിയോ പുറത്തായതിന് പിന്നാലെ പ്രതികരണവുമായി ശിവസേന, വീഡിയോ പുറത്തുവിട്ടത് മറാത്തി വാര്‍ത്ത ചാനല്‍

  • Post category:national / news
  • Reading time:1 min read
You are currently viewing ‘ഇനിയും വരാനുണ്ട്’; ബിജെപി നേതാവിൻ്റെ അശ്ലീല വീഡിയോ പുറത്തായതിന് പിന്നാലെ പ്രതികരണവുമായി ശിവസേന, വീഡിയോ പുറത്തുവിട്ടത് മറാത്തി വാര്‍ത്ത ചാനല്‍

ബി.ജെ.പി മഹാരാഷ്ട്ര ഉപാധ്യക്ഷൻ കിരിത് സോമയ്യയുടെ അശ്ലീല വീഡിയോ പുറത്തായതിന് പിന്നാലെ പ്രതികരണവുമായി ശിവസേന നേതാവും എം.പിയുമായ സഞ്ജയ് റാവത്ത്. രണ്ടുതവണ എം.പിയായിരുന്ന സോമയ്യയുടെ അശ്ലീല വിഡിയോ ചോര്‍ന്നതിന് പിന്നാലെ ‘ഇനിയും വരാനുണ്ട്, കാത്തിരുന്ന് കാണാം’ എന്നായിരുന്നു റാവത്തിൻ്റെ പ്രതികരണം.

സ്വന്തം കര്‍മ്മഫലം കൊണ്ട് മരിക്കാൻ പോകുന്നവനെ കൊല്ലരുത് എന്ന് ശിവസേന തലവൻ ബാലാസാഹേബ് താക്കറെ പറയാറുണ്ടായിരുന്നു. കൃത്യം അതുതന്നെയാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നും റാവത്ത് ട്വിറ്ററില്‍ കുറിച്ചു. ഇനിയും ഒരുപാട് വരാനുണ്ട്. എന്താണെന്ന് കാത്തിരുന്ന് കാണാമെന്നും സഞ്ജയ് റാവത്ത് ട്വീറ്ററില്‍ കൂട്ടിച്ചേര്‍ത്തു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ആദിത്യ താക്കറെ, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എന്നിവരെ ടാഗ് ചെയ്‌ത ഈ ട്വീറ്റില്‍ സോമയ്യയുടെ പേര് റാവത്ത് പരാമര്‍ശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

മറാത്തി വാര്‍ത്ത ചാനലായ ലോക് ഷാഹിയാണ് ബി.ജെ.പി നേതാവിൻ്റെ വീഡിയോ പുറത്തുവിട്ടത്. ദൃശ്യത്തില്‍ ഉള്‍പ്പെട്ട സ്ത്രീയെ തിരിച്ചറിയാത്ത രീതിയിലാണ് ചാനല്‍ ഇത് ഇത് സംപ്രേഷണം ചെയ്‌തത്. ആരുടെയും സ്വകാര്യതയിലേക്ക് കടന്നുകയറാനല്ലെന്നും പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായ സോമയ്യ തൻ്റെ പദവി ദുരുപയോഗം ചെയ്‌തത് പുറത്തുകൊണ്ടു വരാനാണ് വീഡിയോ സംപ്രേക്ഷണം ചെയ്‌തത് എന്നും ചാനല്‍ എഡിറ്റര്‍ കമലേഷ് സുതാര്‍ പറഞ്ഞു.

അതേസമയം, പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നിരന്തരം അഴിമതിയും പെരുമാറ്റ ദൂഷ്യവും പതിവായി ആരോപിക്കുന്ന സോമയ്യയെപ്പോലുള്ള ഒരു വ്യക്തി ഇത്തരം സംഭവത്തില്‍ ഉള്‍പ്പെട്ടത് പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

അതേസമയം, വിഡിയോ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സോമയ്യ പ്രതികരിച്ചു. വിവാദ വീഡിയോയെ കുറിച്ച്‌ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കിരിത് സോമയ്യ ആഭ്യന്തര മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തെഴുതി. നിയമസഭാ സമ്മേളനത്തിൻ്റെ ഉദ്ഘാടന ദിവസം വിഡിയോ പുറത്തുവിട്ടത് തൻ്റെ സല്‍പേരിന് കളങ്കം വരുത്തുക എന്ന ഉദ്ദേശത്തോടെ രാഷ്ട്രീയ പ്രേരിതമായാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്വാധീനമുള്ള വ്യക്തികളെ വെല്ലുവിളിച്ചതിന് അവര്‍ ഇപ്പോള്‍ നിന്ദ്യമായ രീതികളിലൂടെ പ്രതികാരം ചെയ്യുന്നു. പൊലീസ് അന്വേഷണം സത്യം പുറത്തുകൊണ്ടു വരുമെന്നും സോമയ്യ പറഞ്ഞു.

0Shares