
സംസ്ഥാനത്ത് കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു 11 വയസുകാരന്‍ മരിച്ചിരുന്നു. ഈ കുട്ടിയില്‍ പരിശോധനയിലാണ് മരണകാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കണ്ടത്തിയത്.
അതേസമയം, സമാനരോഗലക്ഷണം കണ്ടെത്തിയ അഞ്ച് പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. ആദ്യമായിട്ടല്ല ഷിഗെല്ല രോഗം കേരളത്തില്‍ സ്ഥിരീകരിക്കുന്നത്. മുന്‍പ് മലപ്പുറം ജില്ലയില്‍ രണ്ട് ഷിഗെല്ല മരണം സംഭവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കോഴിക്കോട് ഷിഗെല്ല ജാഗ്രതാനിര്‍ദേശവും പുറപ്പെടുവിച്ചിരുന്നു. സാധാരണ വയറിളക്കത്തെക്കാള്‍ മാരകമാണ് ഷിഗെല്ല. ഈ ബാക്ടീരിയ ബാധിച്ചാലുള്ള മാരകമായ വയറിളക്കത്തിന് കാരണം മലിനജലത്തിന്‍റെ ഉപയോഗമാണ്.

അതുകൊണ്ടുതന്നെ വ്യക്തി തലത്തില്‍ ശുചിത്വം പാലിച്ചാല്‍ ഒരു പരിധി വരെ രോഗം പകരുന്നതു തടയാം. ആദ്യ ഘട്ടത്തില്‍ തന്നെ കൃത്യമായ വൈദ്യസഹായം തേടിയാല്‍ രോഗം അപകടകരമാകുന്നതും തടയാം.
ഫലപ്രദമായ ചികിത്സ കൃത്യസമയത്തു നല്‍കിയില്ലെങ്കില്‍ രോഗം തലച്ചോറിനേയും വൃക്കയേയും ബാധിക്കുന്നത് മരണത്തിന് ഇടയാക്കും. കുട്ടികളിലാണ് രോഗസാധ്യത വരാന്‍ കൂടുതല്‍ സാധ്യത.ശക്തമായ വയറിളക്കം, പനി, വയറുവേദന, എന്നിവയാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണങ്ങള്‍.
