
ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി. കൊച്ചി കമ്മിഷണർ ഓഫിസിൽ മൊഴിനൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംനയുടെയും മിയയുടെയും നമ്പറുകളാണ് പ്രതികൾ ആവശ്യപ്പെട്ടത്.
പ്രൊഡക്‌ഷൻ കണ്‍ട്രോളർ ഷാജി പട്ടിക്കരയാണ് തന്‍റെ നമ്പർ പ്രതികൾക്ക് കൊടുത്തതെന്നും ധർമജൻ പറഞ്ഞു. ആനക്കള്ളൻ എന്ന ചിത്രത്തിൽ ഷംനയോടൊപ്പം താൻ അഭിനയിച്ചിരുന്നുവെന്നും ചിലപ്പോൾ ഈ പരിചയം വച്ചായിരിക്കാം ഷംനയെ പരിചയപ്പെടുത്തി കൊടുക്കാൻ പ്രതികൾ തന്നോട് ആവശ്യപ്പെട്ടതെന്ന് ധർമജൻ പറയുന്നു. ലോക്ക്ഡൗൺ സമയത്താണ് ഈ ആവശ്യവുമായി പ്രതികൾ ധർമജനെ സമീപിച്ചത്. അഷ്‌ക്കർ അലി എന്ന പേരുള്ള വ്യക്തിയാണ് ധർമജനെ വിളിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസിലെ മുഖ്യപ്രതിയും ഹെയർ സ്റ്റൈലിസ്റ്റുമായ ഹാരിസ് സ്വർണക്കടത്തിന് താരങ്ങളെ പ്രേരിപ്പിച്ചുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. രണ്ട് കോടി രൂപ വാഗ്ദാനം നൽകി ഹാരിസ് സ്വർണം കടത്താൻ നടൻ ധർമ്മജൻ ബോൾഗാട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റാണ് കേസിലെ മുഖ്യപ്രതിയായ ഹാരിസ്. ഹാരിസിന് സിനിമ മേഖലയിലെ നിരവധി താരങ്ങളുമായി അടുത്ത ബന്ധമുണ്ട്.
