
ഷാര്‍ജയില്‍ നിന്ന് മടങ്ങിയെത്തിയ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെയും ഒപ്പമുണ്ടായിരുന്നവരെയും മുംബൈ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം തടഞ്ഞു. ഷാരൂഖിൻ്റെ യും ഒപ്പമുണ്ടായിരുന്നവരുടെയും ബാഗുകളില്‍ നിന്ന് ആഡംബര വാച്ചുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. 6.83 ലക്ഷം രൂപ കസ്റ്റംസ് നികുതി അടപ്പിച്ച ശേഷമാണ് നടനെയും കൂട്ടാളികളെയും വിമാനത്താവളം വിടാന്‍ അനുവദിച്ചത്.

കസ്റ്റംസ് നികുതി അടച്ച ശേഷം ഷാരൂഖിനെയും മാനേജരെയും മാത്രമാണ് വിട്ടയച്ചത്. അംഗരക്ഷകരടക്കം മറ്റ് ടീം അംഗങ്ങളെ രാത്രി മുഴുവന്‍ വിമാനത്താവളത്തില്‍ പിടിച്ചുവെച്ചു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3ല്‍ പ്രൈവറ്റ് ജെറ്റ് വിമാനത്തിലാണ് ഷാരൂഖ് ഇറങ്ങിയത്. ടെര്‍മിനലില്‍ നിന്ന് ഷാരൂഖും ഒപ്പമുണ്ടായിരുന്നവരും പുറത്തേക്കിറങ്ങുന്നതിനിടെ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ബാഗുകളില്‍ ആഡംബര വാച്ചുകള്‍ കണ്ടെത്തിയത്.
18 ലക്ഷം രൂപ വിലയുള്ള ആറ് ആഡംബര വാച്ചുകളാണ് നടനില്‍ നിന്ന് പിടിച്ചെടുത്തത്.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഷാരൂഖ്. ഗ്ലോബല്‍ ഐക്കണ്‍ ഓഫ് സിനിമ ആന്‍ഡ് കള്‍ച്‌റല്‍ നരേറ്റീവ് അവാര്‍ഡ് ഷാര്‍ജയില്‍ വെച്ച് ഷാരൂഖിന് സമ്മാനിക്കപ്പെട്ടിരുന്നു.
