
കാസർകോട്: റോഡ് നവീകരണ ഭാഗമായി തണല്‍മരങ്ങളും ബസ് സ്റ്റാന്‍ഡുകളും പൊളിച്ചു മാറ്റിയ സാഹചര്യത്തില്‍ താല്‍ക്കാലിക ടെന്റുകള്‍ അനുവദിക്കണമെന്ന് കാസര്‍കോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. വേനല്‍ മാസങ്ങളില്‍ ചൂട് ദിനംപ്രതി രൂക്ഷമാവുകയാണ്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ പൊതു വാഹനങ്ങളെ ആശ്രയിക്കുന്ന സാധാരണ ജനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ താല്‍കാലിക ടെന്റുകള്‍ എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സ്വകാര്യബസ്സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിച്ചുവരികയാണ് കൊടും ചൂടിലും ബസ്സ് കേറാന്‍ അനുവദിക്കാതെ പുറത്ത് കാത്തു നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ് . ബസ്സില്‍ സീറ്റുകള്‍ ഒഴിവുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ഇരിക്കാന്‍ അനുവാദമില്ല. ഇരുവിഷയങ്ങളിലും അടിയന്തരമായ ഒരു പരിഹാരം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാസർകോട് അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയുടെ ഭൂമി വികസനവുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണം എന്നും ആശുപത്രി ഭൂമിയിലൂടെ കടന്നുപോകുന്ന മുന്‍സിപ്പാലിറ്റി റോഡ് ഒരുവശത്തേക്ക് മാറ്റണം എന്നും യോഗം ആവശ്യപ്പെട്ടു . പി.എച്ച്ഡി യുടെ പൈപ്പ് ലൈന്‍ മൂലം റോഡ് നിര്‍മ്മാണം തടസ്സപ്പെട്ടിരിക്കുകയാണ്. പൈപ്പ് പ്ലാന്‍ എത്രയും പെട്ടെന്ന് മാറ്റി സ്ഥാപിക്കാനും റോഡ് നിര്‍മാണം ആരംഭിക്കാനും കാസര്‍കോട് നഗരസഭ 9 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയിട്ടുണ്ട്. പൈപ്പ് ലൈന്‍ എത്രയും പെട്ടെന്ന് മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ പി.എച്ച്ഡിക്ക് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് കൊടുക്കും.
ജില്ലയിലെ കോളേജുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ്, മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
സ്‌കൂളില്‍ വിമുക്ത പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ ക്യാമ്പുകള്‍ രൂപീകരിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നുണ്ടെന്നും എല്ലാ വാര്‍ഡുകളിലും വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് ബോധവല്‍ക്കരണം നടത്തുന്നുവെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ യോഗത്തില്‍ അറിയിച്ചു.
താലൂക്ക് വികസന സമിതി യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. എ സൈമ അധ്യക്ഷത വഹിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ദര്‍ ബദരിയ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍, കുമ്പഡാജെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിസബത്ത് ക്രെസ്റ്റ, ജനപ്രതിനിധികളായ കെ. എ മുഹമ്മദ് ഹനീഫ, അബ്ദുല്‍ റഹ്‌മാന്‍ ബാങ്കോട്, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, പി. കെ മുഹമ്മദ്, സണ്ണി അരമന, ടി. കൃഷ്ണന്‍, അഡ്വക്കേറ്റ് കെ.എം ഹസ്സന്നാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ രമേശന്‍ കെ എന്നിവരും വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു .താലൂക്ക് വികസന സമിതി കണ്‍വീനറായ തഹസില്‍ദാര്‍ എ. വി രാജന്‍ സമിതി അംഗങ്ങളെ സ്വാഗതം ചെയ്തു.
