
ഡൽഹി സ്വദേശിയായ പെൺകുട്ടിക്ക് പുതിയ നമ്പർ പ്ലേറ്റ് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഫാൻസി നമ്പർ പ്ലേറ്റാണെങ്കിലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്ന് പെൺകുട്ടി പറയുന്നു.വാഹനത്തിന് ആർ.ടി ഓഫീസിൽ നിന്ന് ‘DL 3S EX’ എന്ന് തുടങ്ങുന്ന നമ്പർ പ്ലേറ്റാണ് ലഭിച്ചത്.

സംഭവം രസകരമായി തോന്നുമെങ്കിലും അയൽക്കാരും സുഹൃത്തുക്കളുമെല്ലാം പെൺകുട്ടിയെ കളിയാക്കാൻ തുടങ്ങിയതോടെ സംഭവം ഗൗരവമേറിയതായി. സെക്സ് എന്ന കൂട്ടിച്ചേർത്ത് വായിച്ചായിരുന്നു പലരുടെയും പരിഹാസം. കളിയാക്കൽ തുടർന്നപ്പോൾ സ്കൂട്ടി ഇനി ഉപയോഗിക്കുന്നില്ലെന്ന് പിതാവിനെ പെൺകുട്ടി അറിയിച്ചു. നമ്പർ പ്ലേറ്റ് മാറ്റി നൽകണമെന്നാവശ്യപ്പെട്ട് പിതാവ് ഡീലറെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
മകൾക്ക് പിറന്നാൾ സമ്മാനം നൽകിയ വാഹനം ഇത്രയധികം പുലിവാലു പിടിക്കുമെന്ന് പെൺകുട്ടിയുടെ പിതാവും കരുതിയിരുന്നില്ല. ആർ.ടി.ഒ രജിസ്റ്റർ ചെയ്ത നമ്പർ മാറ്റി നൽകാൻ തങ്ങൾക്ക് കഴിയില്ലെന്ന് ഡീലർ ഇവരെ അറിയിക്കുകയായിരുന്നു. ഡീലറും കൈമലർത്തിയതോടെ സ്കൂട്ടി വിൽക്കാനുള്ള പദ്ധതിയിലാണ് ഇവർ. നാണം കെട്ടവളെന്നാണ് തന്നെ പലരും കളിയാക്കുന്നതെന്നും പെൺകുട്ടി പറയുന്നു.
