
സിനിമ അടക്കമുള്ള വിനോദ പരിപാടികള്‍ കാണുന്നതിനായുള്ള പ്രമുഖ ഒ.ടി.ടി പ്ലാറ്റഫോം ആണ് നെറ്റ്ഫ്‌ളിക്‌സ്. ഇപ്പോഴിതാ ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്. നെറ്റ്ഫ്ളിക്സ് അക്കൗണ്ട് ഒരാള്‍ സബ്സ്‌ക്രൈബ് ചെയ്താല്‍ അത് മറ്റുള്ളവര്‍ക്ക് പങ്കുവെക്കാം. കൂടുതല്‍ ആളുകളും നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് ഷെയര്‍ ചെയ്താണ് ഉപയോഗിക്കുന്നത്.
ഇപ്പോഴിതാ സ്വന്തം വീട്ടിലുള്ളവരല്ലാത്തവരുമായി അക്കൗണ്ട് പങ്കിടുന്നത് നിര്‍ത്തലാക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികം വൈകാതെ പുതിയ രീതി പ്രാബല്യത്തില്‍ വന്നേക്കും. 2023 ൻ്റെ തുടക്കത്തില്‍ത്തന്നെ ഇത് സംഭവിച്ചേക്കുമെന്നും വിവരങ്ങളുണ്ട്.
പാസ്‌വേഡ് ഷെയറിങ് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ദീര്‍ഘകാലമായി നെറ്റ്ഫ്‌ളിക്‌സ് നേരിടുന്നുണ്ട്. സബ്‌സ്‌ക്രൈബേഴ്‌സിനെ നഷ്ടപ്പെടാന്‍ തുടങ്ങിയതോടെയാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് തീരുമാനിച്ചത്. കമ്പനിയുടെ വരുമാനത്തിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ഈ വര്‍ഷമാദ്യം നെറ്റ്ഫ്‌ളിക്‌സ് സി.ഇ.ഒ റീഡ് ഹാസ്റ്റിങ്‌സ് പാസ്‌വേഡ് ഷെയറിങ്ങില്‍ മാറ്റം വരുമെന്ന കാര്യത്തില്‍ സൂചന നല്‍കിയിരുന്നു. സ്വന്തം വീട്ടിലുള്ളവരല്ലാത്തവരുമായി അക്കൗണ്ട് പങ്കിടുന്ന വരിക്കാരില്‍ നിന്ന് ഫീസ് ഈടാക്കുന്നത് പരീക്ഷിക്കുകയാണെന്ന് നെറ്റ്ഫ്ളിക്സ് നേരത്തെ അറിയിച്ചിരുന്നു. ചിലി, കോസ്റ്റാറിക്ക, പെറു എന്നീ രാജ്യങ്ങളിലെ സബ്സ്‌ക്രൈബര്‍മാരിലാണ് ഈ പരീക്ഷണം നടത്തിയത്.
സബ് അക്കൗണ്ടുകള്‍ എന്നാണ് ഇതിനെ വിളിക്കുക. പുത്തന്‍ പാസ്‌വേഡ് റൂള്‍ എല്ലാവരിലേയ്ക്കുമായി പ്രാബല്യത്തില്‍ വരുന്നതോടെ സുഹൃത്തുക്കളുടെ അക്കൗണ്ട് ആയാല്‍ പോലും പണം നല്‍കാതെ ഉപയോഗിക്കാന്‍ പറ്റാതെ വരും. ഏകദേശം 250 രൂപയായിരിക്കും ഇത്തരത്തില്‍ അക്കൗണ്ട് ഉപയോഗിക്കാന്‍ ഒരാള്‍ നല്‍കേണ്ടിവരിക.
