
കാസർകോട്: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമോദനം ലഭിച്ച കാസർകോട് ജില്ലയുടെ പ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ ‘സെൽഫ് അസെസ്മെന്റ് കിറ്റുകൾ’ വാങ്ങാൻ കാസർകോട് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്തും ട്രിപ്പിള്‍ ലോക്ക് ചെയ്യപ്പെട്ട ഗ്രാമ പഞ്ചായത്തുകളും സംയുക്ത പദ്ധതിയായിട്ടാണ് ഇത് നടപ്പിലാക്കുക.
സെൽഫ് അസെസ്മെന്റ് കിറ്റ് എത്തുന്നതോടെ നിരീക്ഷണത്തിലുള്ളവർക്ക് സ്വന്തമായി തന്നെ കോവിഡ് 19 രോഗം പോസിറ്റീവാണെന്നോ നെഗറ്റീവാണെന്നോ വളരെ പെട്ടെന്ന് തന്നെ സ്ഥിരീകരിക്കാൻ കഴിയും. സമൂഹ വ്യാപനം തടയാൻ ഇതിലൂടെ സാധിക്കും. മംഗലാപുരത്ത് ഡയാലിസിസ് ചെയ്യാൻ പറ്റാത്തതിനെ തുടർന്ന് ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികൾ ഉൾപ്പടെ ജില്ലയിലെ മുഴുവൻ വൃക്ക രോഗികളുടെയും ഡയാലിസിസ് ചാർജ് ലോക്ഡൗൺ അവസാനിക്കുന്നത് വരെ ജില്ലാ പഞ്ചായത്ത് വഹിക്കാനും യോഗം തീരുമാനിച്ചു.

ഇതിനായി 15 ലക്ഷം രൂപയുടെ പദ്ധതി ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ചു. ജില്ലാ ആശുപത്രിയിലേക്ക് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ പി.പി.ഇ കിറ്റുകൾ വാങ്ങാൻ 10 ലക്ഷം രൂപ അനുവദിക്കാനും യോഗം തീരുമാനിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രത്യേക അനുമോദനം ലഭിക്കാൻ ജില്ലയിലെ ആരോഗ്യ മേഖലയെ മാതൃകാ പരമായ പ്രവർത്തനത്തിലൂടെ പ്രാപ്തരാക്കിയ ജില്ലയിലെയും അതുപോലെ സേവനത്തിനായി മറ്റു ജില്ലകളിൽ നിന്നും വന്ന ആരോഗ്യ പ്രവർത്തകർ, ജില്ലാ ഭരണകൂടം, പോലീസ് ഉദ്യോഗസ്ഥർ, മുഴുവൻ നിയന്ത്രണങ്ങളും കൃത്യമായി പാലിച്ച് പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിച്ച ജില്ലയിലെ പൊതുജനങ്ങൾ, സന്നദ്ധ സേവനത്തിലേർപ്പെട്ട മുഴുവൻ സംഘടനകൾ തുടങ്ങിയ എല്ലാ വിഭാഗം ആളുകളെയും ഭരണസമിതി യോഗം അഭിനന്ദിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷാനവാസ് പാദൂർ, ഹർഷാദ് വോർക്കാടി, അഡ്വ. എ.പി ഉഷ, മെമ്പർമാരായ ഡോ. വി.പി.പി മുസ്തഫ, അഡ്വ. കെ. ശ്രീകാന്ത്, ഇ. പത്മാവതി, മുംതാസ് സമീറ, ജോസ് പതാലിൽ, പി.സി സുബൈദ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫ് തുടങ്ങിയവർ സംബന്ധിച്ചു.
