
കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ വിദഗ്‌ധ സമിതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിൻ്റെതല്ലെന്ന് വിശദാന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്ക് ഇടെയായിരുന്നു ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് എന്നായിരുന്നു പരാതി. പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിൻ്റെ ഭാര്യ ഹർഷിനയാണ് വയറ്റിനുള്ളിൽ കത്രികയുമായി വേദന തിന്നുകഴിഞ്ഞത്.

അന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്‍സ്ട്രുമെൻ്റെല്‍ രജിസ്റ്റര്‍ ഉള്‍പ്പെടെ എല്ലാ രേഖകളും ഉണ്ടായിരുന്നു. ഇവ പരിശോധിച്ചതില്‍ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 2012ലും 2016ലും സിസേറിയന്‍ നടത്തിയത് താമരശേരി ആശുപത്രിലാണ്. ആ കാലഘട്ടത്തില്‍ ഒന്നും ഇന്‍സ്ട്രമെൻ്റെല്‍ രജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ കത്രിക ഏത് ആശുപത്രിയിലേത് ആണെന്ന് മെഡിക്കല്‍ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല.
അതേസമയം കാലപ്പഴക്കം നിർണയിക്കാന്‍ ഫോറന്‍സിക് വിഭാഗത്തിന്‍റെ സഹായവും തേടിയിരുന്നു. ആദ്യ അന്വേഷണത്തെ തുടർന്ന് വിശദമായ അനേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാന്‍ വിദഗ്‌ധ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു.
