ബദിയടുക്കയിൽ വാഹന അപകടത്തിൽ അഞ്ചുപേർ മരിച്ചു; കൂട്ടിയിടിച്ചത് സ്‌കൂൾ ബസും ഓട്ടോറിക്ഷയും, ദുരന്തത്തിൻ്റെ നടുക്കത്തിൽ ഒരുനാട്‌

You are currently viewing ബദിയടുക്കയിൽ  വാഹന അപകടത്തിൽ അഞ്ചുപേർ മരിച്ചു;  കൂട്ടിയിടിച്ചത് സ്‌കൂൾ ബസും ഓട്ടോറിക്ഷയും, ദുരന്തത്തിൻ്റെ നടുക്കത്തിൽ ഒരുനാട്‌

ബദിയടുക്ക / കാസർകോട്: സ്‌കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു. ഓട്ടോ റിക്ഷയുടെ ഡ്രൈവറും യാത്രക്കാരായ നാല് സ്ത്രീകളുമാണ് മരിച്ചത്. ബദിയടുക്ക പള്ളത്തടുക്കയിലാണ് അപകടം.

ഓട്ടോ ഡ്രൈവർ അബ്ദുൾ റൗഫ്, യാത്രക്കാരായ ബീഫാത്തിമ, ഉമ്മു ഹലീമ, ബീഫാത്തിമ മൊഗർ, നഫീസ, ബീഫാത്തിമ എന്നിവരാണ് മരിച്ചത്. കുഡ്‌ലു സ്വദേശിയാണ് മരിച്ച ഓട്ടോ ഡ്രൈവർ അബ്ദുൾ റൗഫ്. മറ്റുള്ളവർ മൊഗ്രാൽ സ്വദേശികളാണ്.

തിങ്കളാഴ്‌ച വൈകുന്നേരം അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം. ബദിയടുക്ക പെർള ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും കുട്ടികളെ ഇറക്കി ബദിയടുക്കയിലേക്ക് മടങ്ങുകയായിരുന്ന സ്‌കൂൾ ബസുമാണ് അപകടത്തിൽപ്പെട്ടത്.

ഗ്ലോബൽ പബ്ലിക് സ്‌കൂൾ ബസും കെ.എൽ 14 AD 1329 നമ്പർ ഓട്ടോറിക്ഷയുമാണ് നിയന്ത്രണം തെറ്റി കൂട്ടിയിടിച്ചത്. അപകടത്തിൽ സംഭവസ്ഥലത്ത് തന്നെ എല്ലാവരും മരിച്ചതായാണ് വിവരം. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.

ബസിൽ ഉണ്ടായവർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൽ ഒരുനാട്‌ മുഴുവൻ നടുക്കത്തിലായി. ബദിയടുക്ക പോലീസ് ഇൻക്വസ്‌റ് നടത്തി മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

0Shares