
നിശ്ചിത പരിധിയിൽകൂടുതൽ തവണ ബാങ്കിന്‍റെ ശാഖകളിലെത്തി പണം പിൻവലിച്ചാൽ ഇനിമുതൽ എസ്.ബി.ഐ നിരക്ക് ഈടാക്കും. 25,000 രൂപവരെ ശരാശരി മിനിമം ബാലൻസ് നിലനിർത്തുന്നവർക്ക് മാസത്തിൽ രണ്ടുതവണ സൗജന്യമായി ശാഖയിലെത്തി പണംപിൻവലിക്കാം. 25,000നും 50,000നും ഇടയിൽ ബാലൻസ് നിലനിർത്തുന്നവർക്ക് പത്ത് തവണയാണ് സൗജന്യമായി പണംപിൻവലിക്കാനാകുക.

50,000മുകളിൽ ഒരു ലക്ഷംരൂപവരെ മിനിമം ബാലൻസുള്ളവർക്ക് 15 തവണയും അതിനുമുകളിലുള്ളവർക്ക് പരിധിയില്ലാതെയും സൗജന്യമായി പണംപിൻവലിക്കാൻ അനുവദിക്കും. നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് വഴിയുള്ള ഇടപാടുകൾ സൗജന്യമായിരിക്കുമെന്നും ബാങ്കിന്‍റെ അറിയിപ്പിൽ പറയുന്നു.
25,000 രൂപവരെ ശരാശരി പ്രതിമാസ മിനിമം ബാലൻസ് നിലനിർത്തുന്നവർക്ക് മെട്രോ നഗരങ്ങളിൽ എട്ട് സൗജന്യ എ.ടി.എം ഇടപാടുകളാണ് അനുവദിക്കുന്നത്. ഇതിൽ എസ്.ബി.ഐയുടെ എ.ടി.എംവഴി അഞ്ചും മറ്റ് ബാങ്കുകളുടെ എ.ടി.എംവഴി മൂന്നുംതവണയാണ് സൗജന്യമായി പണംപിൻവലിക്കാനാകുക. മെട്രോ നഗരങ്ങളല്ലെങ്കിൽ പത്ത് ഇടപാടുകൾ(5+5)ഇടപടുകൾ സൗജന്യമായിരിക്കും. നിശ്ചിത പരിധി കഴിഞ്ഞാൽ പണംപിൻവലിക്കുന്നതിന് ഓരോതവണയും 20 രൂപയും ജിഎസ്ടിയുമാണ് നൽകേണ്ടിവരിക.
