ദീപ്‌തമായ ഓര്‍മയിൽ ഇന്നസെന്റ്; വിട ചൊല്ലി ജന്മനാട്, അന്ത്യവിശ്രമം മാതാപിതാക്കളുടെ കല്ലറയ്ക്ക് സമീപം

  • Post category:Kerala / news / obitury
  • Reading time:1 min read
You are currently viewing ദീപ്‌തമായ ഓര്‍മയിൽ ഇന്നസെന്റ്; വിട ചൊല്ലി ജന്മനാട്, അന്ത്യവിശ്രമം മാതാപിതാക്കളുടെ കല്ലറയ്ക്ക് സമീപം

തൃശൂര്‍: നടന്‍ ഇന്നസെന്റിന് ജന്മനാട് യാത്രാമൊഴിയേകി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് ഇന്നസെന്റിൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചത്.
മാതാപിതാക്കളെ അടക്കിയ കല്ലറയ്ക്ക് സമീപമാണ് ഇന്നസെന്റിനെയും അടക്കിയത്. ചൊവ്വാഴ്‌ച രാവിലെ ഒമ്പതരയോടെ വീട്ടില്‍ അന്ത്യപ്രാര്‍ത്ഥനാ ചടങ്ങുകള്‍. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്നാണ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. അതിനുശേഷം വിലാപയാത്രയായാണ് മൃതദേഹം കത്തീഡ്രല്‍ പള്ളിയിലേക്ക് കൊണ്ടുപോയത്. ഭാര്യ ആലീസ്, മകന്‍ സോണറ്റ്, മകൻ്റെ ഭാര്യ രശ്മി തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ചു. സിനിമാ പ്രവര്‍ത്തകരും നാട്ടുകാരും രാഷ്ട്രീയ- സാമൂഹ്യ പ്രവര്‍ത്തകരും അടക്കം വന്‍ ജനാവലിയാണ് വിലാപയാത്രയില്‍ പങ്കുചേര്‍ന്നത്.

പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കും ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. പള്ളിയിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം ഭാര്യ ആലീസ്, മകന്‍ സോണറ്റ്, ചെറുമകന്‍ ഇന്നസെന്റ് ജൂനിയര്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ അന്ത്യചുംബനം നല്‍കി യാത്രാമൊഴിയേകി. തുടര്‍ന്ന് കത്തീഡ്രല്‍ പള്ളിയിലെ കിഴക്കേ സെമിത്തേരിയില്‍ പിതാവ് കൊച്ചു വറീതിൻ്റെയും മാതാവ് മാര്‍ഗലീത്തയുടേയും കല്ലറയ്ക്ക് സമീപം കല്ലറയില്‍ ഇന്നസെന്റിൻ്റെ മൃതദേഹം അടക്കി.

ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം തിങ്കളാഴ്‌ച വൈകീട്ട് ആറുമണിയോടെയാണ് ഇന്നസെന്റിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചത്. വീട്ടിലും നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

0Shares