
കൊറോണ ഭീതി ഗള്‍ഫ് രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ ഉംറ തീർത്ഥാടനം നിർത്തിവെച്ചു. ഇറാനിലടക്കം കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ തീരുമാനം. ഉംറ തീർത്ഥാടനം താത്കാലികമായി നിര്‍ത്തിവച്ചതായി സൗദി വിദേശകാര്യമന്ത്രാലയമാണ് അറിയിച്ചത്.
ഇതിനെതുടര്‍ന്ന് ഉംറ യാത്രയ്ക്കായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീര്‍ത്ഥാടകരെ മടക്കിഅയച്ചിട്ടുണ്ട്.

കരിപ്പൂരിൽ നിന്ന് ഇന്ന് പുറപ്പെടേണ്ടിയിരുന്നത് 3 വിമാനങ്ങളിലായി 400ഓളം ഉംറ തീർത്ഥാടകരായിരുന്നു ഉണ്ടായിരുന്നത്. ഗള്‍ഫിലാകെ ഇതുവരെ 211 പേര്‍ക്ക് കൊറോണ ബാധയേറ്റതായാണ് വിവരം. ഇറാനില്‍ നിന്നെത്തിയവരോ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണ് മദ്ധ്യപൂര്‍വദേശത്തെ മറ്റ് രാജ്യങ്ങളില്‍ രോഗികളായവരില്‍ അധികവുമെന്നാണ് റിപ്പോര്‍ട്ട്.
ഇറാനില്‍ ഇതുവരെ 139 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. 19 മരണങ്ങളാണ് ബുധനാഴ്ച വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
