
കാസർകോട്: സന്തോഷ് ട്രോഫി താരം കെ.പി. രാഹുലിന്‍റെ വീടെന്ന സ്വപ്നമാണ് യാഥാര്‍ഥ്യമായത്. സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ കായിക വകുപ്പിന്‍റെ കായിക വികസന നിധിയില്‍ നിന്നുള്ള 15 ലക്ഷം രൂപ ചെലവിലാണ് വീടൊരുക്കിയത്. സര്‍ക്കാര്‍ ജോലി നല്‍കിയതിനൊപ്പം കായിക വകുപ്പ് നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം കായിക യുവജനകാര്യ മന്ത്രി ഇ.പി.ജയരാജന്‍ നേരിട്ടെത്തി കേരള പിറവി ദിനത്തില്‍ നിര്‍വ്വഹിച്ചതിന്‍റെ ആഹ്ലാദത്തിലാണ് രാഹുല്‍.

വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങിനും മന്ത്രി നേതൃത്വം നല്‍കി. കേരള സര്‍ക്കാര്‍ കായിക മേഖലയ്ക്ക് നല്‍കുന്ന കരുതലിന്‍റെ നേര്‍സാക്ഷ്യമായി ചടങ്ങ് മാറി. പിലിക്കോട് നടന്ന ചടങ്ങില്‍ മന്ത്രി ഇ.പി.ജയരാജന്‍ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. എം.രാജഗോപാലന്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. വി ശ്രീധരന്‍, ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി. ഹബീബ് റഹ്മാന്‍ , മുന്‍ എം. എല്‍. എ കെ.കുഞ്ഞിരാമന്‍, ടി. വി ഗോവിന്ദന്‍ , സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അംഗം ടി. വി ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
