തഴയപ്പെട്ട നിമിഷങ്ങളിൽ വളരെ ഏറെ സങ്കടപെട്ടു; പക്ഷെ തളർന്നില്ല, തിരിച്ചുവരാനാകും എന്ന ഉറച്ച വിശ്വാസം; “അത്ഭുതങ്ങളിൽ എപ്പോഴും വിശ്വസിച്ചു”; ഇനി ഒരിക്കലും തളർത്താനാവാത്തവിധമുള്ള തിരിച്ചുവരവ്; സഞ്ജുവിൻ്റെ വിശേഷം കൂടുതൽ അറിയാം..

  • Post category:news
  • Reading time:2 mins read
You are currently viewing തഴയപ്പെട്ട നിമിഷങ്ങളിൽ വളരെ ഏറെ സങ്കടപെട്ടു; പക്ഷെ തളർന്നില്ല, തിരിച്ചുവരാനാകും എന്ന ഉറച്ച വിശ്വാസം; “അത്ഭുതങ്ങളിൽ എപ്പോഴും വിശ്വസിച്ചു”; ഇനി ഒരിക്കലും തളർത്താനാവാത്തവിധമുള്ള തിരിച്ചുവരവ്; സഞ്ജുവിൻ്റെ വിശേഷം കൂടുതൽ അറിയാം..

അഹ്മദാബാദ്: ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകര്‍ത്ത് ഇന്ത്യ മൂന്നാം കിരീടം നേടിയതിന് പിന്നാലെ മലയാളികളുടെ അഭിമാന താരമായി സഞ്ജു സാംസൺ. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ, എതിരാളികളുടെ ബോളിങ് നിരയെ അനായാസം നേരിട്ട സഞ്ജു, അഞ്ച് ഫോറുകളും എട്ട് സിക്സറുകളും ഉൾപ്പെടെയാണ് തൻ്റെ ഇന്നിങ്സ് പൂർത്തിയാക്കിയത്. 2016-ലെ ഫൈനലിൽ വെസ്റ്റ് ഇൻഡീസിൻ്റെ മാർലോൺ സാമുവൽസ് നേടിയ 85 റൺസ് എന്ന റെക്കോർഡാണ് സഞ്ജു തകർത്തെറിഞ്ഞത്. വെറുമൊരു അർധസെഞ്ചുറി മാത്രമല്ല, റെക്കോർഡുകളുടെ ഒരു വലിയ നിര തന്നെയാണ് സഞ്ജു ഈ ഫൈനലിൽ പിന്നിട്ടത്. ടി20 ലോകകപ്പ് ഫൈനലിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി സഞ്ജു മാറി. ലോകകപ്പിൽ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ 50-ലധികം റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. വിരാട് കോഹ്‌ലി, കെ.എൽ.രാഹുൽ എന്നിവർ മാത്രമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

“അത്ഭുതങ്ങളിൽ എപ്പോഴും വിശ്വസിച്ചിരുന്നു!! എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി… ആഘോഷങ്ങൾ ആരംഭിക്കട്ടെ. ജയ് ഹിന്ദ് ഇന്ത്യ” എന്നാണ് വിജയ തിളക്കത്തിനു ശേഷം സഞ്ജു തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചത്. ഒരു മില്ല്യണിലധികം ആളുകളാണ് ഈ പോസ്റ്റിന് ലൈക്ക് അടിച്ചിരിക്കുന്നത്. 2024-ൽ വെസ്റ്റ് ഇൻഡീസിൽ ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നിട്ടും ഒരു മത്സരം പോലും കളിക്കാൻ സാധിക്കാത്തതിൻ്റെ സങ്കടം കഠിനാധ്വാനത്തിലൂടെയും പ്രാർത്ഥനയിലൂടെയുമാണ് മറികടന്നതെന്ന് മാച്ചിനു ശേഷം സഞ്ജു പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ന്യൂസിലൻഡ് പരമ്പരയ്ക്ക് ശേഷം മാനസികമായി തകർന്നുപോയ ഘട്ടത്തിൽ നിന്നും ദൈവാനുഗ്രഹം കൊണ്ടാണ് താൻ തിരിച്ചുവന്നതെന്നും സഞ്ജു കൂട്ടിച്ചേർത്തു.

ടൂർണമെന്റിന് മുൻപ് ടീമിൽ ഇടം ലഭിക്കില്ലെന്ന് കരുതിയിരുന്നിടത്തു നിന്നാണ് സഞ്ജുവിൻ്റെ ഈ അവിശ്വസനീയമായ തിരിച്ചുവരവ്. ഇടംകൈയ്യൻ ബാറ്റർമാർ കൂടുതലുള്ള ഇന്ത്യൻ നിരയിൽ ഓഫ് സ്പിന്നിനെ നേരിടാൻ ഒരു വലംകൈയ്യൻ ബാറ്ററെ ആവശ്യമായി വന്നതാണ് സഞ്ജുവിന് വഴിത്തിരിവായത്. വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ പരാജയപ്പെട്ടിരുന്നെങ്കിൽ ഒരുപക്ഷേ സഞ്ജുവിൻ്റെ കരിയർ തന്നെ അവസാനിച്ചേനെ. എന്നാൽ സമ്മർദ്ദത്തിന് വഴങ്ങാതെ സഞ്ജു പൊരുതി. തിരുവനന്തപുരം വിഴിഞ്ഞത്ത് കാരനായ സഞ്ജു ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പലപ്പോഴും തഴയപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴത്തേത് വലിയൊരു തിരിച്ചുവരവാണ്. ആർക്കും മാറ്റിനിർത്താൻ പറ്റാത്തവിധമുള്ള തിരിച്ചുവരവ്. കഴിഞ്ഞ മൂന്ന് നിർണ്ണായക മത്സരങ്ങളിലും ഇന്ത്യയുടെ രക്ഷകനായി മാറാൻ സഞ്ജുവിന് സാധിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ 9, മുംബൈയിലെ 89, ഇപ്പോൾ അഹമ്മദാബാദിലെ ഫൈനലിലെ 89 ഈ മൂന്ന് ഇന്നിംഗ്സുകളും സഞ്ജു എന്ന ബാറ്ററുടെ മികവും പോരാട്ടവീര്യവും തെളിയിക്കുന്നവയായി. സഞ്ജുവിൻ്റെ ഈ അഭിമാന നേട്ടത്തിൽ എല്ലാ മലയാളികൾക്കൊപ്പം ഇന്ത്യ മുഴുവനും ക്രിക്കറ്റ് പ്രേമികൾ സഞ്ജു ഫാൻസായി മാറി എന്നതാണ് സത്യം.

0Shares