ശരണ്യയ്ക്കും മനുവിനുമൊപ്പം ഫേസ്ബുക്കില്‍ പാടിയവര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍; അഭിഷേക് എന്ന വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി തട്ടിപ്പിന് വഴികൾ തുറന്നു

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing ശരണ്യയ്ക്കും മനുവിനുമൊപ്പം ഫേസ്ബുക്കില്‍ പാടിയവര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍; അഭിഷേക് എന്ന വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി തട്ടിപ്പിന് വഴികൾ തുറന്നു

കാസര്‍കോട്: തിരുവനന്തപുരം ആനയറ സ്വദേശി എസ്.ശരണ്യയും രണ്ടാം ഭര്‍ത്താവ് പാലക്കാട് സ്വദേശി മനുവും തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയത് വിപ്രോയിലെ മാനേജരുടെ പേരില്‍. വിപ്രോയില്‍ ജോലി കിട്ടിയാല്‍ മികച്ചതായില്ലേ എന്ന് കരുതിയാണ് പലരും ദമ്പതികള്‍ക്ക് പണം നല്‍കിയത്. തട്ടിപ്പ് നടത്തിയ പണം കൊണ്ട് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതികള്‍.

അഭിഷേക് എന്ന വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ചെറുവത്തൂര്‍ തിമിരി സ്വദേശിയായ സ്ത്രീയുമായി ഫെയ്‌സ്‌ ബുക്ക് ഫ്രണ്ട് ആവുകയാണ് ഇവര്‍ ആദ്യം ചെയ്തത്. സൗഹൃദം സ്ഥാപിച്ച ശേഷം കുറെപേരെ ചേര്‍ത്ത് ഗ്രൂപ്പ് ഉണ്ടാക്കി പാട്ടുമത്സരം സംഘടിപ്പിച്ചു വിശ്വാസം പിടിച്ചു പറ്റി. പിന്നീടാണ് മകൻ്റെ ജോലി കാര്യം തുറുപ്പു ചീട്ട് ആക്കിയത്. ജോലി വാഗ്ദാനത്തില്‍ വീണ ഇവര്‍ പലതവണയായി നാലുലക്ഷം അയച്ചു കൊടുത്തു.

ഇൻ്റെര്‍വ്യുവിന് പോലും വിളിക്കാതായപ്പോള്‍ തിമിരി സ്വദേശിനി വിളിച്ചു വഴക്ക് കൂടി. സംശയം തോന്നിയാണ് ചീമേനി പൊലീസില്‍ പരാതി നല്‍കിയത്. ചീമേനി എസ്.ഐ കെ.അജിത സെപ്തംബര്‍ 10ന് ഇവരെ വിളിച്ചു വരുത്തി. അപ്പോഴാണ് ഇവര്‍ അഭിഷേക് അല്ല ശരണ്യയും മനുവും ആണെന്ന് തിരിച്ചറിയുന്നത്. ജാമ്യം കിട്ടുന്ന വഞ്ചന കുറ്റം ആയതിനാല്‍ 17ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി ഇവരെ വിട്ടയച്ചു.

പിടിച്ചത് തന്ത്രപരമായ നീക്കത്തിലൂടെ

ഈ സമയം എറണാകുളം മൂഴിക്കുളം എന്ന സ്ഥലത്താണ് ഇവരും ശരണ്യയുടെ അച്ഛനും അമ്മയും സഹോദരനും മൂന്നുമക്കളും താമസിച്ചിരുന്നത്. പൊലീസ് അന്വേഷണം നടത്തുന്നത് അറിഞ്ഞ ഇവര്‍ സ്‌കൂളിലെ കുട്ടികളുടെ പഠനവും നിര്‍ത്തി കുടുംബസമേതം മുങ്ങുകയായിരുന്നു. ഇവരുടെ ഒരു കുട്ടി ഓട്ടീസം ബാധിച്ച കുഞ്ഞാണ്. ഈ കുട്ടിയുടെ പേരിലും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

മൂഴിക്കുളം നിന്ന് മുങ്ങിയ ദമ്പതികള്‍ ആലുവ വെസ്റ്റ് പൊലീസ് പരിധിയില്‍ ഉണ്ടെന്ന് അറിഞ്ഞു ചീമേനി പൊലീസ് അവിടെയും എത്തി. പൊലീസ് എത്തുമ്പോഴേക്കും ചെന്നൈ പോകുന്നു എന്ന് പറഞ്ഞു അവിടെ നിന്നും മുങ്ങിയിരുന്നു. മൊബൈല്‍ ഫോണ്‍ ബന്ധവും കോള്‍ ഹിസ്റ്ററിയും മറ്റു പരിശോധിച്ചു പിന്നാലെ പോയ ഹൊസ്ദുർഗ് ഡിവൈ.എസ്,പിയുടെയും ചീമേനി എസ്.ഐ അജിതയുടെ തന്ത്രപരമായ അന്വേഷണത്തിലാണ് ചെന്നൈ പോയെന്ന് പറഞ്ഞ പ്രതികളെ ആലപ്പുഴയില്‍ നിന്ന് പിടികൂടാൻ കഴിഞ്ഞത്.

0Shares