സമസ്തയുടെ ഉപദേശങ്ങളും തീരുമാനങ്ങളും പൂർണ്ണമായി ഉൾക്കൊണ്ട് വേണം പ്രവർത്തിക്കാൻ; ഈ പ്രസ്ഥാനത്തെ ഇകഴ്ത്താനോ സംഘടനയിൽ വിള്ളൽ ഉണ്ടാക്കാനോ ആരും ശ്രമിക്കരുത്; ജിഫ്രി മുത്തുക്കോയ തങ്ങൾ

  • Post category:local news / news
  • Reading time:2 mins read
You are currently viewing സമസ്തയുടെ ഉപദേശങ്ങളും തീരുമാനങ്ങളും പൂർണ്ണമായി ഉൾക്കൊണ്ട് വേണം പ്രവർത്തിക്കാൻ; ഈ പ്രസ്ഥാനത്തെ ഇകഴ്ത്താനോ സംഘടനയിൽ വിള്ളൽ ഉണ്ടാക്കാനോ ആരും ശ്രമിക്കരുത്; ജിഫ്രി മുത്തുക്കോയ തങ്ങൾ

കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപദേശങ്ങളും തീരുമാനങ്ങളും പൂർണ്ണമായി ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ഓരോ പോഷക സംഘടനകളും ബാധ്യസ്ഥരാണെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിൻ്റെ ഭാഗമായി കുണിയയിൽ സംഘടിപ്പിച്ച നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂർവ്വികരായ മഹത്തുക്കൾ പടുത്തുയർത്തിയ ഈ പ്രസ്ഥാനത്തെ ഇകഴ്ത്താനോ സംഘടനയിൽ വിള്ളൽ ഉണ്ടാക്കാനോ ആരും ശ്രമിക്കരുത്. സമസ്തയിൽ അഭിമാനത്തോടെ പ്രവർത്തിക്കാൻ പോഷക സംഘടനകൾക്ക് കഴിയണം. ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങൾ സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടിയല്ല, മറിച്ച് സംഘടനയുടെ ഉന്നമനത്തിന് വേണ്ടിയാണ് വിനിയോഗിക്കേണ്ടത് എന്നും തങ്ങൾ കൂട്ടിച്ചേർത്തു.

സംഘടനയെ ശക്തിപ്പെടുത്തുക എന്ന ബോധത്തോടെ വേണം പോഷക സംഘടനകൾ മുന്നോട്ട് പോകാൻ. ഇതിൽ യാതൊരു വിധ കളങ്കവും ഉണ്ടാകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഓരോ പ്രവർത്തനത്തിലും ആത്മാർത്ഥത അനിവാര്യമാണെന്നും ജിഫ്രി തങ്ങൾ എടുത്തുപറഞ്ഞു. സമസ്ത സെക്രട്ടറി അബ്ദുല്ല മുസ്ലിയാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ ആമുഖ പ്രഭാഷണം നടത്തി. കെ മോയിൻകുട്ടി, എ. അബ്ദുൽ ബാഖി എന്നിവർ സംസാരിച്ചു. ചടങ്ങിൽ 33 പേർക്ക് ഇസ്തിഖാമ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിവിധ പോഷക സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. എൻ.എ.എം അബ്ദുൽ ഖാദർ (വിദ്യാഭ്യാസ ബോർഡ്), കുടക് അബ്ദുറഹ്മാൻ മുസ്ലിയാർ (ജംഇയ്യത്തുൽ മുഅല്ലിമീൻ), യു. മുഹമ്മദ് ശാഫി ചെമ്മാട് (എസ്.എം.എഫ്), സുലൈമാൻ ദാരിമി ഏലംകുളം (ജംഇയ്യത്തുൽ ഖുത്വബാഅ്), സി.കെ മൊയ്തീൻ ഫൈസി (ജംഇയ്യത്തുൽ മുദരിസീൻ), പുത്തനഴി മൊയ്തീൻ ഫൈസി (മദ്റസ മാനേജ്മെന്റ് അസോസിയേഷൻ), കെ.എച്ച് കോട്ടപ്പുഴ (ജംഇയ്യത്തുൽ മുഫത്തിശീൻ), ഹംസ റഹ്മാനി കൊണ്ടിപറമ്പ് (എസ്.വൈ.എസ്), ഒ.പി അഷ്റഫ് കുറ്റിക്കടവ് (എസ്.കെ.എസ്.എസ്.എഫ്), ശാഹുൽ ഹമീദ് മേൽമുറി (സമസ്ത എംപ്ലോയീസ് അസോസിയേഷൻ), കെ.എം കുട്ടി ഫൈസി (ഇന്റർനാഷണൽ കൗൺസിൽ), ഇസ്മാഈൽ കുഞ്ഞ് ഹാജി മാന്നാർ (പ്രവാസി സെൽ), കെ.ടി കുഞ്ഞുമോൻ ഹാജി വാണിയമ്പലം (ലീഗൽ സെൽ), സയ്യിദ് അലി ഉനൈസ് തങ്ങൾ ജമലുല്ലൈലി (സുന്നി ബാലവേദി) തുടങ്ങിയവർ സംസാരിച്ചു.

0Shares