
കാസർകോട്: കച്ചവടം കൂട്ടാനായി ജ്യൂസിനൊപ്പം നിരോധിത പാന്‍മസാല വില്‍പ്പന നടത്തിയതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് മീനാപ്പീസിനടുത്തുള്ള ജ്യൂസ് കടയായ ഹാരിസ് ബീച്ച് സ്റ്റോറിലെ ജീവനക്കാരന്‍ മീനാപ്പീസ് കടപ്പുറത്തെ അബ്ദുള്‍ സത്താര്‍ (48) ആണ് അറസ്റ്റിലായത്.
ഈ കടയില്‍ ജ്യൂസ് കുടിക്കാനായി ദൂര സ്ഥലങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ അടക്കമുള്ള ആളുകള്‍ എത്തുന്നു എന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കടയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി പോലീസ് രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു.

തിങ്കളാഴ്ച രാത്രി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി.ബാലകൃഷ്ണന്‍ നായരുടെയും ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈനിൻ്റെയും നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് കടയിലെ ജീവനക്കാരുടെ കൈയില്‍ നിന്നും നിരോധിത പാന്‍ ഉത്പന്നം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു. കടയുടെ ലൈസന്‍സ് റദ്ദാക്കാന്‍ മുനിസിപ്പാലിറ്റിക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി അറിയിച്ചു.
