സഹര്‍ നേരിട്ടത് ക്രൂര മര്‍ദനം; ആന്തരിക അവയവങ്ങള്‍ തകര്‍ന്നു, പ്രതികളെ തേടി പൊലീസ് സംഘം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സഹര്‍ നേരിട്ടത് ക്രൂര മര്‍ദനം; ആന്തരിക അവയവങ്ങള്‍ തകര്‍ന്നു, പ്രതികളെ തേടി പൊലീസ് സംഘം

തൃശൂര്‍: തിരുവാണിക്കാവില്‍ ഗുണ്ടകളുടെ ആക്രമണത്തില്‍ മരിച്ച ബസ് ഡ്രൈവര്‍ സഹര്‍ നേരിട്ടത് ക്രൂരമായ മര്‍ദനം. രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ നാലുവരെ ആറംഗസംഘം യുവാവിനെ ക്രൂരമായി മര്‍ദിച്ചെന്നാണ് കണ്ടെത്തല്‍. മര്‍ദനത്തില്‍ വൃക്കയുള്‍പ്പെടെ ആന്തരികാ അവയവങ്ങള്‍ക്ക് മാരക പരിക്കേറ്റു. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സമീപത്തെ ക്ഷേത്രത്തിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു. സംഭവത്തിലെ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.

ഫെബ്രുവരി 18ന് ശിവരാത്രിയില്‍ ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തു വെച്ചായിരുന്നു സംഭവം. തൃശൂര്‍- തൃപ്രയാര്‍ റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു അവിവാഹിതനായ സഹര്‍. സുഹൃത്തായ സ്ത്രീയുടെ വീട്ടിലെത്തിയപ്പോഴാണ് സദാചാര ആക്രമണം നടന്നത്. രാത്രി 12ന് തങ്ങളുടെ പ്രദേശത്ത് യുവാവിനെ കണ്ടത് ആറംഗ സംഘം ചോദ്യം ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പുലര്‍ച്ചവരെ മര്‍ദനം തുടര്‍ന്നു.

പുലര്‍ച്ചയോടെ സഹര്‍ വീട്ടിലെത്തി കിടന്നെങ്കിലും കടുത്ത വേദനയെ തുടര്‍ന്ന് കരച്ചിലായി. ഇതോടെയാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരോഗ്യനില മെച്ചപ്പെട്ടില്ല. തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും വെന്‍റിലേറ്ററിലേക്ക് മാറ്റുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. തുടര്‍ന്ന് ചൊവാഴ്‌ച മറിക്കുകയായിരുന്നു.

സംഭവത്തില്‍ ആറുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആഴ്‌ചകള്‍ പിന്നിട്ടിട്ടും ഒരാളെ പോലും പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും. ഒരു പ്രതി വിദേശത്തേക്ക് കടന്നതായും സംശയമുണ്ട്. പൊലീസിന്‍റെ ഭാഗത്തു നിന്ന് അന്വേഷണത്തില്‍ വന്‍ വീഴ്‌ചയുണ്ടായതായി വിമര്‍ശനമുണ്ട്.

0Shares