
കാസർകോട് : മഞ്ചേശ്വരം ബേക്കൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന സബ് ജില്ലാ ശാസ്ത്രമേളക്കിടെ പന്തൽ തകർന്ന് വീണ് മുപ്പതോളം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പരിക്കുപറ്റിയ സംഭവം അന്വേഷണ വിധേയമാക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ, ജനറൽ സെക്രട്ടറി സഹീർ ആസിഫ് എന്നിവർ ആവശ്യപ്പെട്ടു.
ഉച്ചഭക്ഷണ സമയത്ത് കൂടുതൽ വിദ്യാർത്ഥികൾ ഭക്ഷണശാലയിലായത് കൊണ്ട് മാത്രമാണ് അപകട തോത് കുറഞ്ഞതെന്നും, വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ഇത്തരം സംഭവങ്ങളിൽ അധികൃതർ ജാഗ്രത പാലിക്കണമെന്നും യൂത്ത് ലീഗ് പറഞ്ഞു.

പരിക്കു പറ്റിയ വിദ്യാർത്ഥികളുടെ ചികിത്സാ ചിലവ് പൂർണ്ണമായും സർക്കാർ ഏറ്റെടുക്കണമെന്നും, നൂറ് കണക്കിന് വിദ്യാർത്ഥികൾ സമ്മേളിക്കുന്ന കലാ-കായിക-ശാസ്ത്ര മേളകളുടെ അണിയറ നിർമ്മാണ പ്രവർത്തനങ്ങളിൽ സംഘാടകരുടെ ഭാഗത്തു നിന്നും ഭാവിയിൽ അപാകതകൾ സംഭവിക്കാതിരിക്കാൻ സേഫ്റ്റി ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും യൂത്ത് ലീഗ് കൂട്ടിച്ചേർത്തു.

