
തിമിംഗലങ്ങളെ അക്വേറിയങ്ങളിൽ പ്രദർശിപ്പിക്കാനായി പിടിക്കുന്നത് തടയാൻ റഷ്യ നിയമം നടപ്പിലാക്കി. കടൽജീവികളെ, പ്രത്യേകിച്ച് തിമിംഗലങ്ങളെ അക്വേറിയങ്ങളിലും മറ്റ് വേദികളിലും പ്രദർശിപ്പിക്കാൻ വേണ്ടി പിടിക്കുന്നതിനുള്ള നിയമത്തിലെ എല്ലാ പഴുതുകളും അടയ്ക്കാനുള്ള ശ്രമം റഷ്യ തുടങ്ങിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ചൈനയിലെ അക്വേറിയങ്ങളിലേക്കും കാഴ്ച്ചബംഗ്ലാവുകളിലേക്കുമാണ് റഷ്യയിൽ പിടിക്കുന്ന തിമിംഗലങ്ങൾ എത്തുന്നത്. റഷ്യയുടെ വിദൂര കിഴക്കൻ ഭാഗത്തെ തിമിംഗല ജയിലെന്ന് അറിയപ്പെടുന്ന കുപ്രസിദ്ധമായ സ്ഥാപനത്തിൽ നിന്നുള്ള 100 തിമിംഗലങ്ങളുടെ ചിത്രങ്ങൾ 2019ൽ ഒരു അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഗ്രീൻപീസ് റഷ്യയുടെ ഡയറക്ടറായ സെർജി സിപ്ലിയോങ്കോവ് പുടിനോട് കടൽ മൃഗങ്ങളെ പിടിക്കാൻ അനുവദിക്കുന്ന നിയമപരമായ പഴുതുകളടക്കാൻ ആവശ്യപ്പെട്ടിരുന്നു. അവയിൽ മിക്കവയും ചൈനയിലെ അക്വേറിയങ്ങളെ ഉദ്ദേശിച്ചവയായിരുന്നു.

‘വിനോദത്തിനായി മൃഗങ്ങളെ പിടിക്കുന്നത് നിരോധിക്കണമെന്നാണോ നിങ്ങൾ നിർദ്ദേശിക്കുന്നത്? അതെ ഞാൻ സമ്മതിക്കുന്നു. നമുക്ക് അങ്ങനെ തന്നെ ചെയ്യാം,’ എന്നാണ് വ്യാഴാഴ്ച നടന്ന പ്രസിഡൻഷ്യൽ റൈറ്റ്‌സ് കൗൺസിലുമായുള്ള യോഗത്തിൽ പുടിൻ പറഞ്ഞത്. അതിനു പിന്നാലെ തൊട്ടടുത്ത ദിവസം നടന്ന ഒരു പത്രസമ്മേളനത്തിൽ സംസാരിച്ച സിപ്ലോങ്കോവ്, പഴുതുകളടക്കുന്നത് ചില്ലറ കാര്യമല്ലെന്നും അതിന് വളരെയധികം പ്രാധാന്യമുണ്ടെന്നും അറിയിച്ചു.
കുട്ടികളോടും പ്രായമായവരോടും മൃഗങ്ങളോടും കാണിക്കുന്ന മനോഭാവം ഒരു സമൂഹത്തെ കുറിച്ച് ഒരുപാട് കാര്യങ്ങളാണ് പറയുന്നത് എന്നും പുടിൻ തന്നോട് യോജിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദൂര കിഴക്കൻ പട്ടണമായ നഖോദ്കയ്ക്ക് സമീപമുള്ള സ്രെഡ്‌നിയ ഉൾക്കടലിൽ കുപ്രസിദ്ധമായ തിമിംഗല കേന്ദ്രം അടച്ചുപൂട്ടാനും തിമിംഗലങ്ങളെ അവയുടെ ആവാസവ്യവസ്ഥയിലേക്ക് വിടാനും പരിസ്ഥിതി സംഘടനകൾ വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. ഈ സമ്മർദ്ദത്തെ തുടർന്നാണ് ഇങ്ങിനെ ഒരു തീരുമാനം റഷ്യ കൈകൊണ്ടത്. ഇനി മുതൽ ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് മാത്രമായിരിക്കും തിമിംഗലങ്ങളെ പിടിക്കാൻ റഷ്യയിൽ അനുമതി.
