സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട ആര്‍.എസ്.എസുകാരന്‍ അറസ്റ്റില്‍; ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നാല് വര്‍ഷത്തിന് ശേഷം ആദ്യ അറസ്റ്റ്‌

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട ആര്‍.എസ്.എസുകാരന്‍ അറസ്റ്റില്‍; ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നാല് വര്‍ഷത്തിന് ശേഷം ആദ്യ അറസ്റ്റ്‌

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുണ്ടമണ്‍ കടവ് സ്വദേശി കൃഷ്ണകുമാർ എന്ന കൊച്ചു കൃഷ്ണകുമാറി(45)നെയാണ് ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ ഇയാള്‍ രണ്ടാം പ്രതിയാണ്.

ആര്‍.എസ്.എസുകാരുടെ മര്‍ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കുണ്ടമണ്‍കടവ് സ്വദേശി പ്രകാശാണ് കേസില്‍ ഒന്നാം പ്രതി. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ശബരി എസ്.നായര്‍ മൂന്നാം പ്രതിയാണ്. തെളിവുകളെല്ലാം നശിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നാല് വര്‍ഷത്തിന് ശേഷമാണ് ആദ്യ അറസ്റ്റ് നടന്നത്.

2018 ഒക്ടോബര്‍ 27നാണ് വട്ടിയൂര്‍ക്കാവിനടുത്തുള്ള കുണ്ടമണ്‍കടവിലുള്ള സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് ആര്‍.എസ്.എസ്‌ പ്രവര്‍ത്തകര്‍ തീവെച്ചത്. ആശ്രമത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം കത്തിക്കുകയും റീത്ത് വെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെ ഒന്നാം പ്രതി പ്രകാശ് കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ സഹോദരനോട് വെളിപ്പെടുത്തി. ഇതിൻ്റെ പ്രതികാരമായി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രകാശിനെ ക്രൂരമായി മര്‍ദിക്കുകയും ‘പോയി തൂങ്ങിച്ചത്തുകൂടേ’ എന്ന് ചോദിക്കുകയും ചെയ്തു.

ഇതിൻ്റെ മനോവിഷമത്തില്‍ പ്രകാശ് വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു. പ്രകാശ് ആത്മഹത്യ ചെയ്തത് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ മര്‍ദനമേറ്റാണെന്ന് സഹോദരന്‍ പ്രശാന്ത് വെളിപ്പെടുത്തിയതോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. ആത്മഹത്യ കേസില്‍ അറസ്റ്റിലായ കൃഷ്ണകുമാര്‍ ആശ്രമം കത്തിച്ചതില്‍ തൻ്റെ പങ്ക് വെളിപ്പെടുത്തി.

പൂക്കച്ചവടക്കാരനായ താന്‍ കെട്ടി നല്‍കിയ റീത്താണ് പ്രകാശ് ആശ്രമം കത്തിച്ച ശേഷം അവിടെ വച്ചതെന്നായിരുന്നു കൃഷ്ണകുമാറിൻ്റെ മൊഴി. മറ്റ് പ്രതികളായ ശബരി എസ്.നായര്‍, പ്രകാശ് എന്നിവരുടെ പങ്കും ആക്രമണത്തിന് സഹായം നല്‍കിയവരുടെ വിവരങ്ങളും കൃഷ്ണകുമാര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ശബരിയുടെ വീട്ടില്‍ തിങ്കളാഴ്‌ച പൊലീസ് പരിശോധന നടത്തി.

ആത്മഹത്യയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ കൃഷ്ണകുമാര്‍, സതികുമാര്‍, ശ്രീകുമാര്‍, രാജേഷ് എന്നിവരുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ റിമാന്‍ഡ് ചെയ്തു. കൃഷ്ണകുമാറിനെ അടുത്ത ദിവസം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ തീരുമാനം.

0Shares