
നരബലിക്കായി ലോട്ടറി വില്‍പ്പനക്കാരിയായിരുന്ന റോസ്ലിയെ എത്തിച്ചത് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്ത്. അശ്ലീല സിനിമയില്‍ അഭിനയിക്കാനെന്ന് പറഞ്ഞ് പണം വാഗ്ദാനം ചെയ്താണ് ഏജന്റ് മുഹമ്മദ് ഷാഫി റോസ്ലിയെ ഇലന്തൂരിലെ ദമ്പതികളുടെ വീട്ടിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
തൃശൂര്‍ വടക്കഞ്ചേരി സ്വദേശിനിയാണ് റോസ്ലി. കാലടിയില്‍ ലോട്ടറി കച്ചവടം നടത്തി വരവെയാണ് റോസ്ലി മുഹമ്മദ് ഷാഫിയുമായി പരിചയത്തിലാവുന്നത്. ഇലന്തൂരിലെ വീട്ടിലെത്തിച്ച ശേഷം റോസ്ലിയെ കട്ടിലില്‍ കെട്ടിയിട്ട് തലയ്ക്കടിക്കുകയായിരുന്നെന്നും ലൈലയാണ് ആദ്യം റോസ്ലിയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയതെന്നും പോലീസ് പ്രതികരിച്ചു.

സ്ത്രീകളെ നരബലി നല്‍കിയ സംഭവത്തില്‍ ഏജന്റ് മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാവുക എന്ന ഉദ്ദേശത്തോടെയാണ് ബലി നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
