
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകണമെന്നാണ് മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള താക്കീതുകള്‍. ഇത് വകവയ്ക്കാതെ മ്യൂസിയം പൊലീസ് ഉഴപ്പിയ കേസില്‍ വനിതാ ഡോക്ടറുടെ അതിക്രമ കേസില്‍ പരാതിക്കാരിയുടെ ജാഗ്രതയാണ് സത്യം പുറത്തു കൊണ്ടുവന്നത്.
മ്യൂസിയത്തെ പ്രഭാത സവാരിക്കിടെ ലൈംഗികാതിക്രമം ഉണ്ടായതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങളടക്കം കണ്ടെത്തേണ്ട പൊലീസ് അതിന് ശ്രമിക്കാതിരുന്നപ്പോള്‍ പരാതിക്കാരി സ്വന്തം നിലയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ കാമറാ ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസിന് കൈമാറി. പൊലീസ് ചെയ്യേണ്ട കുറ്റാന്വേഷണം ജനങ്ങൾ ചെയ്യേണ്ട സ്ഥിതിയായി. മ്യൂസിയം പൊലീസ് സ്റ്റേഷൻ്റെ മൂക്കിന് താഴെയുണ്ടായ അതിക്രമം അന്വേഷിക്കുന്നതില്‍ തുടക്കം മുതല്‍ പൊലീസിന് അനാസ്ഥയായിരുന്നു.

തന്നെ ഉപദ്രവിച്ച അക്രമി ഇരുളില്‍ ഒളിച്ചസ്ഥലം വനിതാ ഡോക്ടര്‍ ചൂണ്ടിക്കാട്ടിയിട്ടും പൊലീസ് പരിശോധിച്ചില്ല. പൊലീസ് പോയി മിനിറ്റുകള്‍ക്കകം അക്രമി അവിടെ നിന്ന് കാറില്‍ രക്ഷപ്പെട്ടു. സ്റ്റേഷനില്‍ വിവരമറിയിച്ച് പത്തുമിനിറ്റോളം കഴിഞ്ഞാണ് പൊലീസെത്തിയത്. കടന്നുപിടിച്ചെന്ന് ഡോക്ടര്‍ മൊഴി നല്‍കിയിട്ടും നിസാര വകുപ്പുകള്‍ ചുമത്തി പ്രതിയെ രക്ഷിക്കാനായി ശ്രമം. സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തതയില്ലെന്ന് പറഞ്ഞ് പൊലീസ് കൈകഴുകിയപ്പോള്‍ പ്രദേശത്തെ സ്ഥാപനങ്ങളിലെ ക്യാമറകള്‍ പരിശോധിക്കാന്‍ ഡോക്ടര്‍ക്ക് സ്വയം ഇറങ്ങേണ്ടിവന്നു.
പരാതിക്കാരി പൊലീസിൻ്റെ മെല്ലെപ്പോക്കിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും ദിവസവും സ്റ്റേഷനിലെത്തി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതോടെയാണ് പൊലീസ് ഉണര്‍ന്നത്. പരാതിക്കാരി കൊണ്ടുവന്ന സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയതും അതുവഴി അറസ്റ്റിലേക്ക് നീങ്ങിയതും.
രേഖാചിത്രം പുറത്തിറക്കിയതോടെ കുറവന്‍കോണത്തെ നൃത്താധ്യാപിക അശ്വതി നായര്‍ 25നും 26നും തൻ്റെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചയാള്‍ക്ക് രേഖാ ചിത്രവുമായി സാമ്യമുണ്ടെന്ന് വ്യക്തമാക്കിയതോടെ രണ്ടാമത്തെ കേസായി. രണ്ടു പ്രതികളുണ്ടെന്ന് ആദ്യം പറഞ്ഞ പൊലീസ് പിന്നീട് പ്രതി ഒരാളാണെന്ന് മാറ്റിപ്പറഞ്ഞു. ആറുദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനാവാത്തത് നാണക്കേടായതോടെ ഡി.സി.പി അജിത് കുമാറിൻ്റെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിലാണ് സന്തോഷ് പിടിയിലായത്.
സന്തോഷ് പിടിയിലായത് ഇങ്ങനെ:
ആര്‍ക്കും സംശയം വരാതിരിക്കാന്‍ സന്തോഷ് ജോലിക്കെത്തിയിരുന്നു. തല മൊട്ടയടിച്ചതില്‍ സംശയം തോന്നാതിരിക്കാന്‍ തലയ്ക്ക് നീരുവന്നെന്ന കാരണം പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനും രേഖാചിത്രം കേന്ദ്രീകരിച്ചുള്ള പരിശോധനയുമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

സി.സി.ടി.വി ദൃശ്യങ്ങളില്‍ കാറിൻ്റെ സര്‍ക്കാര്‍ ബോര്‍ഡ് മറച്ച നിലയിലായിരുന്നു. ഡാഷ് ബോര്‍ഡില്‍ പതാകയും ഉണ്ടായിരുന്നു. ഈ അന്വേഷണം ചെന്നെത്തിയത് സെക്രട്ടേറിയറ്റിലേക്ക്. ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നത് മന്ത്രി റോഷി അഗസ്റ്റിൻ്റെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരന്‍ നായരാണെന്ന് കണ്ടെത്തിയതോടെ സന്തോഷ് കുടുങ്ങി.
വനിതാ ഡോക്ടര്‍ക്ക് നേരെ അക്രമം ഉണ്ടായപ്പോഴും കുറവന്‍കോണത്തെ വീട്ടില്‍ കയറിയപ്പോഴും സന്തോഷിൻ്റെ മൊബൈല്‍ ഫോണ്‍ അവിടത്തെ ടവര്‍ പരിധിയിലായിരുന്നു. സെക്രട്ടേറിയറ്റ് പരിസരത്ത് നിന്നാണ് സന്തോഷിനെ പിടികൂടിയത്. ഡോക്ടറെ ആക്രമിച്ച കേസില്‍ മ്യൂസിയം പൊലീസ് സന്തോഷിനെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും.
സന്തോഷ് ലൈംഗിക വൈകൃതമുള്ളയാള്‍
സന്തോഷ് ലൈംഗിക വൈകൃതമുള്ള ആളെന്ന് പൊലീസ്. വീടുകളില്‍ കടന്നുകയറി സ്ത്രീകളുടെ അടിവസ്ത്രമടക്കം മോഷ്ടിക്കുന്നതും അവരെ കടന്നുപിടിക്കുന്നതും ഒളിഞ്ഞു നോട്ടവും ഇയാളുടെ ശീലമാണ്. പ്രതിക്കെതിരെ അന്വേഷണം തുടരുകയാണ്. അന്വേഷണത്തിലും ശക്തമായ വകുപ്പുകള്‍ ചേര്‍ക്കുന്നതിലും പൊലീസിന് വീഴ്‌ചയുണ്ടായില്ല. പരാതിക്കാരിയുടെ ശക്തമായ നിലപാട് അന്വേഷണത്തില്‍ നിര്‍ണായകമായി.
അജിത് കുമാര്‍
ഡെപ്യൂട്ടി കമ്മിഷണര്‍
