കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു; ഗെലോട്ട് അധ്യക്ഷനാകില്ല; പകരം രണ്ട് പേര്‍ ഹൈക്കമാൻഡ് പരിഗണനയില്‍

  • Post category:news
  • Reading time:1 min read
You are currently viewing കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു; ഗെലോട്ട് അധ്യക്ഷനാകില്ല; പകരം രണ്ട് പേര്‍ ഹൈക്കമാൻഡ്  പരിഗണനയില്‍

രാജസ്ഥാനില്‍ മുഖ്യമന്ത്രിപദത്തെച്ചൊല്ലിയുള്ള സംഭവ വികാസങ്ങളെത്തുടര്‍ന്ന് അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തില്‍ നിന്നും ഹൈക്കമാന്റ് പിന്മാറുന്നു. മുകള്‍ വാസ്നിക്, ദിഗ് വിജയ് സിംഗ് എന്നീ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിലവില്‍ പരിഗണനയിലുള്ളതെന്നാണ് സൂചന.

സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്റ് നീക്കത്തെ ഗെലോട്ട് ശക്തമായി എതിര്‍ത്തിരുന്നു. നാടകീയ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം രാത്രി അരങ്ങേറിയിരുന്നത്. ഇതേത്തുടര്‍ന്നാണ് പുതിയ തീരുമാനം.

മാത്രമല്ല ഗെലോട്ടിനെ അധ്യക്ഷനാക്കരുതെന്ന ആവശ്യവും ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചത് ഗെലോട്ടാണെന്നാണ് ഇവരുടെ വാദം. പാര്‍ട്ടി അദ്ധ്യക്ഷനേക്കാള്‍ വലിയ പദവിയാണ് സംസ്ഥാന മുഖ്യമന്ത്രി പദമെന്ന് അശോക് ഗെലോട്ടിന് ചുറ്റുമുള്ള ചിലര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും ദേശീയ നേതാക്കള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. സോണിയാ ഗാന്ധി നേരിട്ടായിരുന്നു ഗെലോട്ടിനോട് അദ്ധ്യക്ഷനാകാന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ഹൈക്കമാന്റിൻ്റെ കൂടി പിന്തുണയുള്ള സച്ചിന്‍ പൈലറ്റിനെ പകരം മുഖ്യമന്ത്രിയാകാന്‍ അനുവദിക്കില്ലെന്ന ശക്തമായ നിലപാടാണ് ഗെലോട്ട് പക്ഷ എം.എല്‍.എമാര്‍ സ്വീകരിച്ചത്. നിര്‍ണായക ഘട്ടത്തില്‍ അശോക് ഗെലോട്ട് പാര്‍ട്ടിയെ അപമാനിച്ചെന്ന ആരോപണവുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്.

0Shares