
ഇടുക്കി ചിന്നക്കനാലിൽ വെള്ളുക്കുന്നേൽ കുടുംബം വ്യാജ പട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചു പിടിച്ചു റവന്യു വകുപ്പ്. ഇടുക്കിയിലെ ചിന്നക്കനാല്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 20/1ല്‍പ്പെട്ട 01. 5 ഹെക്ടര്‍, സര്‍വ്വേ നമ്പര്‍ 509ല്‍ ഉള്‍പ്പെട്ട 0.48 ഹെക്ടര്‍, 34/1ല്‍പ്പെട്ട 01. 57 ഹെക്ടര്‍ അടക്കം 03. 65ഹെക്ടര്‍ സ്ഥലമാണ് ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണന്‍റെ നേതൃത്വത്തിലുള്ള റവന്യു സംഘം നേരിട്ടെത്തി ഏറ്റെടുത്തത്.

ചിന്നക്കനാലിലെ വൻകിട കൈയ്യേറ്റങ്ങൾക്കെതിരേ കർശന നടപടിയുമായാണ് റവന്യൂ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. വെള്ളുക്കുന്നേൽ ജിമ്മി സഖറിയ എന്ന വ്യവസായി വ്യാജപട്ടയം ചമച്ച് കൈവശപ്പെടുത്തിയ സർക്കാർ ഭൂമിയുടെ തണ്ടപ്പേർ അവകാശം ദേവികുളം ആർ.ഡി.ഒ റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്നാണ് റവന്യു വകുപ്പ് സ്ഥലം ഏറ്റെടുത്തത്.
നിയമം നടപ്പാക്കാൻ പിന്നില്‍ പ്രവര്‍ത്തിച്ച ഇടുക്കി ജില്ലാ കളക്ടര്‍ ദിനേശന്‍, ദേവികുളം സബ്കളക്ടര്‍ പ്രേംകൃഷ്ണന്‍, ഉടുമ്പന്‍ചോല തഹസില്‍ദാര്‍, അഡീഷണല്‍ തഹസില്‍ദാര്‍, താലൂക്ക് റവന്യു ഉദ്യോഗസ്ഥര്‍, സര്‍വ്വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അഭിനന്ദിച്ചു. അതേസമയം കൈയ്യേറ്റക്കാരെ സഹായിക്കാന്‍ രേഖകളില്‍ കൃത്രിമം കാട്ടിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രി ഉറപ്പ് നൽകി.
