
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. ബാറുകൾ, ബിവറേജസ്, സിനിമ തീയറ്റർ, ഷോപ്പിംഗ് മാൾ, ജിംനേഷ്യം ഉൾപ്പെടെ ഇനി തുറന്നു പ്രവർത്തിക്കില്ല. വിവാഹ ചടങ്ങുകളിൽ 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ 20 പേർക്കും മാത്രമാണ് പങ്കെടുക്കാൻ അനുമതി. ആരാധനാലയങ്ങളിൽ കടുത്ത നിയന്ത്രണമാണ് ഉണ്ടാവുക.

മുസ്‌ലിം പള്ളികളിൽ നമസ്‌കരിക്കാൻ സ്വന്തം പായ ഉപയോഗിക്കണം. ദേഹശുദ്ധി വരുത്തുന്നതിനു പൈപ്പ് വെള്ളം ഉപയോഗിക്കണം. അതോടൊപ്പം ആരാധനാലയങ്ങളിൽ ഭക്ഷണവും തീർത്ഥവും നൽകുന്നതു വിലക്കി. സംസ്ഥാനത്ത് രാത്രികാലകർഫ്യൂ, വാരാന്ത്യ നിയന്ത്രണം എന്നിവ തുടരും.
അതേസമയം സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപിക്കുന്നതായി കണ്ടെത്തി. 10 ജില്ലകളിൽ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യമുണ്ടെന്ന് ഇതിനോടകം കണ്ടെത്തി. ഏപ്രിൽ ആദ്യം മുതൽ തന്നെ രോഗവ്യാപനം ശക്തമാണ്. വടക്കൻ ജില്ലകളിലാണ് വൈറസിന്‍റെ യു.കെ വകഭേദം കണ്ടെത്തിയത്.
