
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍ 21കാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. പെരിന്തല്‍മണ്ണ ചെമ്മാട്ടില്‍ ദൃശ്യയാണ് കൊല്ലപ്പെട്ടത്. യുവാവിന്‍റെ ആക്രമണത്തെ എതിര്‍ക്കാന്‍ ശ്രമിച്ച ദൃശ്യയുടെ സഹോദരി ദേവശ്രീക്കും പരിക്കേറ്റു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് എസ്. പി എസ്. സുജിത്ത് ദാസ് പറഞ്ഞു.
കൊലപാതകം നടത്തിയത് പ്രതി തനിച്ചാണെന്നും പോലീസ് പറഞ്ഞു. പ്ലസ്ടുവിൽ ദൃശ്യയുടെ സഹപാഠിയായിരുന്നു പ്രതി. ദൃശ്യയെ ശല്ല്യം ചെയ്തതിന് 3 മാസം മാസം മുൻപ് പൊലീസ് താക്കീത് നൽകിയിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. വീടിന്‍റെ രണ്ടാം നിലയില്‍ ഒളിച്ചിരുന്ന പ്രതി വിനേഷ് ദൃശ്യയുടെ മുറിയില്‍ അതിക്രമിച്ച് കയറി മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് കുത്തുകയായിരുന്നു. ദൃശ്യയ്‌ക്കൊപ്പം മുറിയിലുണ്ടായിരുന്ന 13-കാരിയായ ശ്രീദേവിക്കും പരിക്കേറ്റു.

ദൃശ്യ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നായിരുന്നു ആക്രമമെന്നാണ് വിവരം. ദൃശ്യ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ശ്രീദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ദൃശ്യയുടെ അച്ഛന്‍ ബാലചന്ദ്രന്‍റെ കട കത്തിനശിച്ചിരുന്നു. ഇതിന് പിന്നീലും വിനേഷാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ആദ്യം ബാലചന്ദ്രന്‍റെ കട കത്തിച്ച വിനേഷ് പിന്നീട് വീട്ടിലെത്തി ദൃശ്യയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകത്തിന് ശേഷം ഓടിരക്ഷപെടാന്‍ ശ്രമിച്ച വിനേഷിനെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. അപസ്മാരത്തിന്‍റെ ലക്ഷണങ്ങള്‍ കാണിച്ച പ്രതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയായിരുന്ന ദൃശ്യയോട് പ്ലസ് ടു മുതല്‍ വിനേഷ് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു.
