ഇത് വാക്സിൻ അല്ല, വിഷം; പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ മടി; ഗ്രാമവാസികൾ നദിയിലേക്ക് ചാടി രക്ഷപെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing ഇത് വാക്സിൻ അല്ല, വിഷം; പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ മടി;  ഗ്രാമവാസികൾ നദിയിലേക്ക് ചാടി രക്ഷപെട്ടു

രാജ്യം വാക്സിൻ ക്ഷാമം നേരിടുമ്പോഴും വാക്സിൻ സ്വീകരിക്കാൻ മടികാണിക്കുന്ന നിരവധി ആളുകൾ ഉണ്ട്. വാക്സിനേക്കുറിച്ചുള്ള ഭയമോ, തങ്ങൾക്ക് വാക്സിൻ ആവശ്യമില്ല എന്ന തോന്നലോ ഒക്കെ ആയിരിക്കും ഇതിന് കാരണം. കോവിഡ് പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ സംഭവിച്ച വിചിത്രമായ കാര്യം ഇതിനോട് ചേർത്ത് വായിക്കാവുന്ന ഒന്നാണ്.

പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനുള്ള മടികൊണ്ട് ഉത്തർപ്രദേശിലെ ബരാബങ്കിയിലെ ഗ്രാമവാസികൾ സാരായു നദിയിലേക്ക് ചാടി രക്ഷപെട്ടു എന്നാണ് റിപ്പോർട്ട്. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് രാംനഗർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് തഹസിൽ രാജീവ് കുമാർ ശുക്ല പറഞ്ഞു.

വാക്സിനേഷന്‍റെ പ്രാധാന്യവും നേട്ടങ്ങളും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വിശദീകരിച്ച് മിഥ്യാധാരണകൾ തീർക്കാൻ ശ്രമിച്ചിട്ടും 14 പേർക്ക് മാത്രമാണ് പ്രതിരോധ കുത്തിവയ്പ് നൽകാനായത്. ഇത് ഒരു വാക്സിൻ അല്ല, വിഷം കുത്തിവയ്ക്കുന്നതെന്ന് ചിലർ പറഞ്ഞതിനാലാണ് തങ്ങൾ നദിയിലേക്ക് ചാടിയതെന്ന് ഗ്രാമവാസികൾ പറഞ്ഞു.

രാജ്യം കടുത്ത വാക്സിൻ ക്ഷാമം നേരിടുന്ന സമയത്താണ് ഇത്തരം വാർത്തകൾ വരുന്നത്. കോവിഡ് വ്യാപനം തടയുന്നതിന് പ്രതിരോധ കുത്തിവയ്പ് നൽകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് വിദഗ്ധർ അവബോധം നടത്തിവരികയാണ്. പുതിയ കേസുകൾ കുറഞ്ഞുവരികയാണെങ്കിലും കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിവസേന കൂടിവരികയാണ്. ഗ്രാമപ്രദേശങ്ങളിലും കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായി ബാധിച്ചിട്ടുണ്ട്.

0Shares