
സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് വേദിയിലേക്ക് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ക്ഷണിച്ചതിന് സമസ്ത സംസ്ഥാന ഉപാധ്യക്ഷന്‍ എം.ടി അബ്ദുള്ള മുസ്ലിയാര്‍ സംഘാടകരെ ശകാരിച്ച സംഭവത്തിൽ സമൂഹത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ ദിവസം മലപ്പുറത്ത് മദ്‌റസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനിടെയാണ് വിവാദങ്ങള്‍ക്ക് കാരണമായ സംഭവം. ‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്‌റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ.’ എന്ന മതപണ്ഡിതൻ്റെ പ്രതികരണത്തിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ മതപണ്ഡിതൻ്റെ ലിംഗ വിവേചനത്തിനെതിരെ പ്രതിഷേധം ഉയരുകയായിരുന്നു. മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ഈ സമയം വേദിയിലുണ്ടായിരുന്നു.
ഫാത്തിമ തഹിലിയ, എം.എസ്.എഫ്. മുന്‍ ദേശീയ വൈസ്. പ്രസിഡണ്ട്
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണ വേളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തിയ പതിനാറുകാരി സഫാ ഫെബിനെ ഓര്‍മ്മയില്ലേ? അവളൊരു ഒറ്റപ്പെട്ട കുട്ടിയല്ല. തന്റേതായ പ്രതിഭകള്‍ ലോകത്തിന് മുന്നിലവതരിപ്പിച്ചു കൈയ്യടി നേടുന്ന ഒരു പാട് മുസ്ലിം പെണ്‍കുട്ടികളുണ്ട് നമ്മുടെ നാട്ടില്‍. എം.എസ്.എഫ്. മുന്‍ ദേശീയ വൈസ്. പ്രസിഡണ്ട് ഫാത്തിമാ തെഹ്ലിയ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തികൊണ്ട് പറയുന്നു.

ന്യായാധിപരായും, ഐ.എ.എസ്സുകാരായും പ്രൊഫഷനലുകളായും അവരൊട്ടനവധി മേഖലകളില്‍ തിളങ്ങുന്നു. ഇത്തരത്തില്‍ മാറ്റിനിര്‍ത്തപ്പെടുന്നവര്‍ പിന്നീട് മതത്തെയും മത നേതൃത്വത്തെയും വെറുക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. മുസ്ലിം പെണ്‍കുട്ടികളെ സമുദായത്തോട് ചേര്‍ത്ത് നിര്‍ത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്. അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിൻ്റെയും സമൂഹത്തിൻ്റെയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാന്‍ സാധിക്കണമെന്നും ഫാത്തിമ തഹിലിയ ചൂണ്ടിക്കാട്ടി.
ഫാത്തിമാ തെഹ്ലിയയ്ക്ക് നേരെ സൈബര്‍ ആക്രമണവുമായി മതമൗലികവാദികളായ ചിലർ രംഗത്തിറങ്ങിയിട്ടുണ്ട്. ‘മുസ്ലിയാരെ ദീന്‍ പഠിപ്പിക്കാന്‍ ഒരു പെണ്ണും വരണ്ട, ദീനിൻ്റെ കാര്യത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടണ്ട’ എന്നിങ്ങനെ രണ്ടായിരത്തിലധികം പ്രതികരണങ്ങളാണ് ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. അസഭ്യവാക്കുകളും വെല്ലുവിളികളും അതിൽ ഉള്‍പ്പെടുന്നു.
മുസ്ലിം പെണ്‍കുട്ടികളെ വേദികളില്‍ കയറ്റാതെ മാറ്റിനിര്‍ത്താതെ അവരെ ചേര്‍ത്തി നിര്‍ത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായം ചെയ്യേണ്ടതെന്ന് മാത്രമായിരുന്നു ഫാത്തിമയുടെ പ്രതികരണം.
മാത്യു സാമുവല്‍, മാധ്യമ പ്രവർത്തകൻ
സമസ്ത പണ്ഡിതൻ്റെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവല്‍ ഫേസ് ബുക്ക് പോസ്റ്റിൽപറയുന്നത് ഇങ്ങനെയാണ്:
എംഡി ഉസ്താദ് സ്റ്റേജില്‍ കാണിച്ച തറ വേലയാണോ ഇസ്ലാം മതം…?
അങ്ങനെ ഒരു ഇസ്ലാം ഇന്ത്യയില്‍ നിലനില്‍ക്കുന്നു എന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല , സമസ്ത അല്ല ആരും ഈ രീതിയില്‍ ഒരു കൊച്ചുപെണ്‍കുട്ടിയെ സ്റ്റേജില്‍ വിളിച്ചു വരുത്തിയിട്ട് ഈ മാതിരി പ്രയോഗം കാണിച്ചാല്‍ അത് ഒരു സിവിലിസ്ഡ് സൊസൈറ്റി അതിന് ചേര്‍ന്നതല്ല…!
പക്കാ താലിബാനിസം ആണ് ആ നെറികെട്ട ഉസ്താദ് കാണിച്ചത്, അത് കണ്ടുനിന്ന ലീഗ് നേതാവ് സാദിക്കലി മറിച്ചു ഒരു വാക്ക് സംസാരിക്കാതെ ഊമ്മയായി നിന്നു കൊടുത്തു…! ഈ സംഘടനകളൊന്നും സ്ത്രീകളെ ഒരു ശതമാനം പോലും മാനിക്കുന്നില്ല എന്നുള്ളതും വസ്തുതയാണ് …! ഈ വീഡിയോ കാണുന്നവര്‍, അതായത് ഇത് നമ്മുടെ വീട്ടിലെ പെണ്‍കുട്ടികള്‍ കണ്ടാല്‍ ഏതു രീതിയിലാണ് ഇതിനെ ഉള്‍ക്കൊള്ളുന്നത്….?
നടന്നത് പക്ക താലിബാനിസമാണെന്ന് മാത്യു സാമുവല്‍ പറഞ്ഞു. ഇത് കേട്ട് ഊമയെ പോലെ നിന്ന ലീഗ് നേതാവിനെതിരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. വിവരവും, അറിവുമില്ലാത്ത ഇതേപോലെയുള്ള മത പണ്ഡിതന്മാരെ പൂര്‍ണ്ണമായിട്ടും അകറ്റി നിര്‍ത്തുക എന്നും അദ്ദേഹം പറഞ്ഞു. ഉറപ്പായിട്ടും മലബാറില്‍ ഒരു സ്ത്രീ വിപ്ലവം വരും. എന്നും അദ്ദേഹം പറയുന്നു.
ഹരീഷ് പേരടി, നടന്‍
രാഷ്ട്രീക്കാരുടെ മൗനത്തെ കൂടിയാണ് നടന്‍ ഹരീഷ് പേരടി
വിമര്‍ശിക്കുന്നത്. യുഡിഎഫിനും എല്‍ഡിഎഫിനും സമസ്തയുടെ വോട്ട് തൃക്കാക്കരയില്‍ ഞങ്ങള്‍ക്കു വേണ്ടാ എന്ന് പറയാനുള്ള നട്ടെല്ലുണ്ടോ എന്നാണ് ഹരീഷ് പേരടി ചോദിക്കുന്നത്. യു.പിയിലെ യോഗിയെ വിമര്‍ശിച്ചാല്‍ മാത്രം പുരോഗമന വാദികള്‍ ആകില്ല… സ്വന്തം മതത്തിലെ പത്താം ക്ലാസുകാരിയെ അപമാനിക്കുന്ന ഒന്നാം ക്ലാസ്സില്‍ പോകാത്ത ഈ മുസലിയാരെയും തള്ളി പറയണം..അതാണ് പുരോഗമനം.. എന്നാണ് ഹരീഷ് ഫേസ്‌ബുക്കില്‍ കുറിച്ചത്.

ദീപ നിശാന്ത്, അധ്യാപിക
ചെറിയ പെരുന്നാള്‍ ദിവസം ദുബായ് ഭരണാധികാരിയുടെ കുടുംബ ചിത്രം പങ്കുവെച്ചാണ് ഇടതുപക്ഷ സഹയാത്രികയും അധ്യാപികയുമായ ദീപ നിശാന്ത് പ്രതിഷേധിച്ചത്. ദീപ നിശാന്ത് ഫേസ്ബുക്കിലാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനിൻ്റെ കുടുംബചിത്രം പോസ്റ്റ് ചെയ്തത്. രാജകുടുംബത്തിലെ ഇളംതലമുറക്കാരായ 23 പേര്‍ക്കൊപ്പം ശൈഖ് മുഹമ്മദ് ഇരിക്കുന്നതാണ് ചിത്രത്തില്‍. ‘ഫാമിലി’ എന്ന ഹാഷ്ടാഗില്‍ പങ്കുവെച്ച ചിത്രം നിമിഷങ്ങള്‍ക്കകം വൈറലായിരുന്നു. പെരുന്നാള്‍ ആഘോഷ അവസരത്തിന് അനുസരിച്ചാണ് ചിത്രത്തില്‍ എല്ലാവരുടെയും വേഷം. പ്രതികരണത്തെ തുടർന്ന് ദീപ നിശാന്തിനെതിരെയും ഇസ്ലാമിസ്റ്റുകള്‍ സൈബർ ആക്രമണവുമായി ഇളകിയിട്ടുണ്ട്.
ശ്രീജിത്ത് പണിക്കർ, ടെലിവിഷൻ കമൻ്റെറ്റർ
സംഭവത്തില്‍ ട്രോളുമായി എത്തുകയാണ് ശ്രീജിത്ത് പണിക്കര്‍. സമൂഹ മാധ്യമ പോസ്‌റ്റിലാണ് അദ്ദേഹം ട്രോളിയത്. പത്താംക്ളാസിലെ കുട്ടിയെ പൊതുവേദിയില്‍ ക്ഷണിച്ചാല്‍ കാണിച്ചുതരാമെന്ന് ഒരു ചേട്ടന്‍, സാംസ്‌കാരിക നായകരുടെ അണ്ണാക്കില്‍ പതിവുപോലെ നേന്ത്രപ്പഴം, അമ്പലത്തിലെ ഡാന്‍സ് ആയിരുന്നെങ്കില്‍ ഒരുകൈ നോക്കാമായിരുന്നെന്ന് പുരോഗമന പ്രസ്ഥാനം, നവോത്ഥാനം പൂത്തുലയട്ടെ എന്നാണ് പണിക്കര്‍ പോസ്‌റ്റില്‍ കുറിച്ചത്.
വേദിയിലെ രാഷ്ട്രീയക്കാരന് നാക്കില്ല; പാല്‍പ്പുഞ്ചിരി മാത്രം. ദോഷം പറയരുതല്ലോ, കൂട്ടത്തില്‍ എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത് അനൗണ്‍സര്‍ ചേട്ടനെയാണ്. വേദിയിലേക്ക് സാദരം ക്ഷണിച്ചശേഷം ‘ഞാനല്ല വിളിച്ചത്’ എന്നു മൊഴിഞ്ഞ ആ ചേട്ടന്‍ ഏത് സാഹചര്യത്തിലും നമ്പാവുന്ന പത്തരമാറ്റ് തങ്കമാണ്. എന്തായാലും നവോത്ഥാനം പൂത്തുലയട്ടെ. തല്‍ക്കാലം പൊതുവേദികളില്‍ പൂത്തുലയണ്ട എന്നുമാത്രം. ആരെങ്കിലും പോട്ടം എടുത്താലോ.

പി.കെ നവാസ്, എം.എസ്.എഫ് പ്രസിഡണ്ട്
സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാരുടെ നടപടിയെ പിന്തുണച്ച് എം.എസ്എ.ഫ് പ്രസിഡണ്ട് പി.കെ നവാസ് ഇന്ന് രംഗത്തെത്തി. എം.ടി ഉസ്താദിനെ വികലമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം ഒറ്റപ്പെടുത്തേണ്ടതുണ്ടെന്ന് നവാസ് പറഞ്ഞു. ഇസ്ലാമോ ഫോബിക് കണ്ടന്റായി പ്രചരിപ്പിക്കുന്നത് വര്‍ഗ്ഗീയ സംഘടനകളാണ്. ‘സമുദായത്തിലെ പെണ്‍കുട്ടികള്‍ നേടിയെടുത്ത വിപ്ലവങ്ങള്‍ക്കു പിറകില്‍ പള്ളിയങ്കണങ്ങളിലും മതപ്രഭാഷണ വേദികളിലും സാത്വികരായ പണ്ഡിതന്മാര്‍ വിയര്‍പ്പൊഴുക്കി പടുത്തുയര്‍ത്തിയ വിജ്ഞാന കേന്ദ്രങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയില്‍വരെ സമുദായത്തിലെ പെണ്‍കുട്ടികള്‍ എത്തിനില്‍ക്കുന്നത് ഈ സാത്വികരുടെ വിയര്‍പ്പിൻ്റെ ഫലമാണ്. മുസ്‍ലിം പണ്ഡിതന്മാരെ പ്രാകൃതരും, സ്ത്രീ വിരുദ്ധരുമായി വര്‍ണ്ണിക്കാനുള്ള അവസരങ്ങള്‍ പാഴാക്കാതെ പോരുന്ന ലിബറല്‍ ധാരകള്‍ കാലങ്ങളായി നമുക്കിടയിലുണ്ട്. ഈ ലിബറലുകള്‍ നിശ്ചയിച്ച മാനദണ്ഡ പ്രകാരം ഒരു പുരമോഗമന വാദിയാകുക എന്നൊരവസരം വീണുകിട്ടിയാല്‍ അതേറ്റുപിടിക്കാന്‍ വെമ്പുന്നവരായി നാം മാറരുത്’ പി.കെ നവാസ് ഫേസ് ബുക്കിൽ കുറിച്ചു.
സ്ത്രീകള്‍ പൊതുവേദികളില്‍ വരരുതെന്ന ചിന്താ ഗതിയാണെന്നും ഇസ്ലാമിലെ ഫെമിനിസം ഇതാണെന്നും പറഞ്ഞു കൊണ്ടുള്ള രൂക്ഷവിമര്‍ശനമാണ് ഈ സംഭവത്തിൽ ഉയര്‍ന്നിരിക്കുന്നത്.
