ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്‌ട്രേഷന്‍; തികച്ചും അസംബന്ധം; ഹർജി തള്ളി സുപ്രീം കോടതി

  • Post category:national / news
  • Reading time:1 min read
You are currently viewing ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്‌ട്രേഷന്‍; തികച്ചും അസംബന്ധം; ഹർജി തള്ളി സുപ്രീം കോടതി

ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്‌ട്രേഷന്‍ ഏർപ്പെടുത്തുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് സുപ്രീം കോടതി. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയായ മമത റാണി നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിൻ്റെ പരാമർശം.

ലിവിംഗ് ടുഗെദര്‍ ബന്ധങ്ങള്‍ക്ക് ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിർദേശിക്കണമെന്നും ഹർജിയിൽ അഭിഭാഷക ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത് തികച്ചും അസംബന്ധമായ കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ലിവ് ഇന്‍ റിലേഷന്‍ എന്ന സംവിധാനം ഇല്ലാതാക്കാനാണോ രജിസ്‌ട്രേഷന്‍ കൊണ്ടുവരുന്നതിലൂടെ ഹര്‍ജിക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു.

സുപ്രീംകോടതിയെ എന്ത് ആവശ്യത്തിനും സമീപിക്കാമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് ആരാഞ്ഞ കോടതി, ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പും നൽകി. ലിവ് ഇന്‍ റിലേഷനില്‍ ആളുകള്‍ ജീവിക്കുന്നതില്‍ എന്താണ് തെറ്റ്?, അവർക്ക് സുരക്ഷ ഏർപ്പെടുത്താനാണോ അല്ലെങ്കിൽ ഈ സംവിധാനം തന്നെ ഇല്ലാതാക്കാനാണോ ശ്രമിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.

ഡല്‍ഹിയിലെ ശ്രദ്ധാ വാല്‍ക്കറിൻ്റെ കൊലപാതകം അടക്കം ലിവിംഗ് ടുഗദെര്‍ ബന്ധങ്ങളിലെ പങ്കാളിയാല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അഭിഭാഷക ഹർജി നൽകിയത്.

0Shares