ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ഇടുക്കി, കണ്ണൂർ, മലപ്പുറം, കാസർകോട്​ ജില്ലകളിൽ റെഡ്​ അലർട്ട്​; അതീവ ജാഗ്രത മുന്നറിയിപ്പ്

  • Post category:local news / news
  • Reading time:2 mins read
You are currently viewing ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ഇടുക്കി, കണ്ണൂർ, മലപ്പുറം, കാസർകോട്​ ജില്ലകളിൽ റെഡ്​ അലർട്ട്​; അതീവ ജാഗ്രത മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട്, മലപ്പുറം​ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടുമുണ്ട്​. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് തയാറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.

ശക്തമായ കാറ്റ് വീശുന്നതിനാൽ മരങ്ങൾ കടപുഴകി വീണുള്ള അപകടങ്ങൾക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല. ഇടുക്കി, കണ്ണൂർ, കാസർകോട്​ ജില്ലകളിൽ ശനിയും ഞായറും മലപ്പുറത്ത്​ ഞായറാഴ്​ചയുമാണ്​​ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 എം.എമ്മിൽൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയാണിത്.

ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർദ്ധിപ്പിക്കും. ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏറ്റവും ഉയർന്ന അലേർട്ടായ ‘റെഡ്’ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ അതീവ ജാഗ്രത പുലർത്തണം. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണമായി ഒഴിവാക്കണം. വൈകീട്ട് ഏഴ്​ മുതൽ രാവിലെ ഏഴ്​ വരെ മലയോര മേഖലയിലേക്ക്​ രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്.

ശനിയാഴ്​ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും ഞായറാഴ്​ച കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും തിങ്കളാഴ്​ച കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എം.എം മുതൽ 204.4 എം.എം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ശനിയാഴ്​ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഞായറാഴ്​ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിങ്കളാഴ്​ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ചൊവ്വാഴ്​ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എം.എം മുതൽ 115.5 എം.എം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

0Shares