ജപ്‌തി മുതല്‍ വീണ്ടെടുക്കാം, നിയമ ഭേദഗതി വരുന്നു; പണമടച്ചാല്‍ ജപ്‌തി ചെയ്‌ത വസ്‌തു തിരികെ കിട്ടും

  • Post category:Kerala / news / trending
  • Reading time:2 mins read
You are currently viewing ജപ്‌തി മുതല്‍ വീണ്ടെടുക്കാം, നിയമ ഭേദഗതി വരുന്നു; പണമടച്ചാല്‍ ജപ്‌തി ചെയ്‌ത വസ്‌തു തിരികെ കിട്ടും

തിരുവനന്തപുരം: നിശ്ചിത കാലയളവിനുള്ളില്‍ ബാധ്യതതീർത്ത് അപേക്ഷ നല്‍കിയാല്‍ ബാങ്കുകള്‍ ജപ്‌തി ചെയ്‌ത വസ്‌തു വകകള്‍ കുടിശ്ശികകാരന് തന്നെ തിരികെ ലഭിക്കും. ഇതിനായി നിലവിലുള്ള കേരള റവന്യു റിക്കവറി നിയമം ഭേദഗതി ചെയ്യും. ജപ്‌തി ഒഴിവാക്കാൻ വായ്‌പ തുക ഗഡുക്കളായി തിരിച്ചടയ്ക്കാൻ അനുവദിക്കുന്നതിന് സർക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥകളും ഉള്‍പ്പെടുത്തും.

ജപ്‌തി നടപടിയിലൂടെ ബാങ്കുകള്‍ ഏറ്റെടുക്കുന്ന വസ്‌തുക്കൾ ലേലം ചെയ്യുകയാണ് പതിവ്. ലേലത്തില്‍ വാങ്ങാൻ ആളില്ലെങ്കില്‍ നാമമാത്രമായ തുകനല്‍കി ഭൂമി സർക്കാരില്‍ നിക്ഷിപ്‌തമാക്കും. ഇങ്ങനെ സർക്കാർ ഏറ്റെടുക്കുന്ന ഭൂമി നിശ്ചിത കാലയളവ് കഴിഞ്ഞാല്‍ മാത്രമേ മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാൻ ആകൂവെന്നാണ് ഭേദഗതി കൊണ്ടുവരുക.

ഈ കാലയളവിനുള്ളില്‍ ബാധ്യതതീർത്ത് അപേക്ഷ നല്‍കിയാല്‍ ഉടമയ്ക്ക് വസ്‌തു തിരികെ ലഭിക്കും. ബാങ്കുകള്‍ ഏറ്റെടുക്കുന്ന ഭൂമിക്കും ഇത്തരത്തില്‍ നിശ്ചിത കാലയളവ് വില്‍പ്പന വിലക്ക് ഏർപ്പെടുത്തും. ബാധ്യത തീർക്കുന്ന വായ്‌പക്കാർ നിശ്ചിത കാലാവധിക്കകം ആവശ്യപ്പെട്ടാല്‍ തിരികെ നല്‍കുന്നതിന് ആയാണിത്.

നിലവില്‍ സർക്കാർ ഏറ്റെടുത്തിട്ടുള്ള ഇത്തരം ഭൂമിക്ക് 20 വർഷംവരെ കഴിഞ്ഞും അവകാശികള്‍ എത്താറുണ്ട്. അപേക്ഷ നല്‍കാൻ കാലപരിധി നിശ്ചയിക്കുന്നതോടെ ഇത്തരം തലവേദനകള്‍ ഒഴിവാക്കാനാകും എന്നാണ് കരുതുന്നത്.

അധികാരം സർക്കാരിന്

വായ്‌പ തുക പത്ത് ഗഡുക്കളായി തിരിച്ചടയ്ക്കാമെന്ന് നേരത്തേ സർക്കാർ ഉത്തരവിറക്കിയിരുന്നു. പല ബാങ്കുകളും ഇത് പാലിക്കുന്നുമുണ്ടായിരുന്നു. എന്നാല്‍, ജപ്‌തി നടപടി നീട്ടിവെക്കാൻ നിർദേശിച്ച്‌ റവന്യു, ധനമന്ത്രിമാർ നല്‍കിയ ഉത്തരവിനെ ഒരു സ്വകാര്യ ബാങ്ക് ഹൈക്കോടതിയില്‍ ചോദ്യം ചെയ്‌തു.

ഇല്ലാത്ത നിയമത്തിൻ്റെ പേരില്‍ ജപ്‌തി നടപടി ഒഴിവാക്കാൻ ഇടപെടരുതെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ നിയമം നിർമിക്കാനും കോടതി നിർദേശിച്ചു. ഇതേത്തുടർന്ന് ദേശസാത്‌കൃത, സ്വകാര്യ ബാങ്കുകളുടെ ജപ്‌തി നടപടിയില്‍ ഒരു വർഷത്തോളമായി സർക്കാർ ഇടപെടുന്നില്ല. സഹകരണ ബാങ്കുകളുടെ നടപടി മാത്രമാണ് സർക്കാർ ഇടപെട്ട് നിർത്തി വെച്ചിരുന്നത്.

റവന്യു മന്ത്രിക്ക് അഞ്ചുലക്ഷം രൂപവരെയും ധനമന്ത്രിക്ക് 10 ലക്ഷംവരെയും മുഖ്യമന്ത്രിക്ക് 20 ലക്ഷം വരെയുമുള്ള ജപ്‌തി നടപടി താത്‌കാലികമായി നിർത്തി വെക്കാൻ അധികാരം നല്‍കും വിധം വ്യവസ്ഥകള്‍ കൊണ്ടുവരാനാണ് ആലോചിച്ചിട്ടുള്ളത്.

സഹകരണ, ദേശസാത്കൃത, ഷെഡ്യൂള്‍ഡ്, കൊമേഴ്‌സ്യല്‍ ബാങ്കുകളുടെ ജപ്‌തി നടപടിയില്‍ സർക്കാരിന് ഇടപെട്ട്, വായ്‌പ എടുത്തയാള്‍ക്ക് ആശ്വാസം നല്‍കാൻ നിയമഭേദഗതി ഉപകരിക്കും. അതേസമയം, സർഫാസി നിയമപ്രകാരമുള്ള ജപ്‌തിയില്‍ ഇടപെടാനാവില്ല.

0Shares