
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട ഭാര്യ റിവാബയെ അഭിനന്ദിച്ച് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. ഇത്തരമൊരു അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും ജഡേജ നന്ദി അറിയിക്കുകയും ചെയ്തു.
“ബി.ജെ.പി സീറ്റിലേക്ക് അവസരം ലഭിച്ചതിന് എൻ്റെ ഭാര്യക്ക് അഭിനന്ദനങ്ങൾ. നിങ്ങൾ നടത്തിയ എല്ലാ പ്രയത്നങ്ങളിലും കഠിനാധ്വാനത്തിലും അഭിമാനിക്കുന്നു. എൻ്റെ ആശംസകൾ, സമൂഹത്തിൻ്റെ വികസനത്തിനായി പ്രവർത്തിക്കുക. അവരുടെ കഴിവുകളിൽ വിശ്വസിച്ച് മഹത്തായ ജോലി ചെയ്യാൻ അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അമിത് ഷായോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.” സമൂഹമാധ്യമത്തിൽ പങ്കിട്ട കുറിപ്പിൽ ജഡേജ പറയുന്നു.

റിവാബ ജഡേജ ഗുജറാത്തിലെ ജാംനഗർ നോർത്ത് സീറ്റിൽ നിന്നാണ് ബി.ജെ.പിക്കായി ജനവിധി നേടുന്നത്. 2019ലാണ് ഗുജറാത്തിലെ ഭരണകക്ഷിയായ ബി.ജെ.പിയിൽ റിവാബ അംഗംമാകുന്നത്. ജാംനഗർ നോർത്ത് സീറ്റിൽ നിന്ന് നിലവിലെ എം.എല്‍.എ ധർമേന്ദ്രസിങ് മേരുഭയെ മാറ്റിയാണ് ബി.ജെ.പി റിവാബ ജഡേജയ്ക്ക് അവസരം നല്‍കിയത്.
