കേരളത്തില്‍ നടക്കുന്നത് കൺ‌സൽട്ടൻസി ഭരണം; മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തില്‍ നടക്കുന്നത്  കൺ‌സൽട്ടൻസി ഭരണം; മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി കള്ളക്കടത്തിന് സഹായിച്ചെന്ന് പ്രതിയുടെ മൊഴിയുണ്ട്. മുഖ്യമന്ത്രിക്ക് ധാർമിക ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാൻ കഴിയില്ല. പിണറായി വിജയൻ ശക്തനായ മുഖ്യമന്ത്രിയാണെന്ന പ്രചാരണത്തിൽ കഴമ്പില്ലെന്നു തെളിഞ്ഞതായും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രതിഛായ നഷ്ടപ്പെടുത്താൻ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ കണ്ടെത്തൽ. പ്രതിഛായ ഉണ്ടായിട്ടു വേണ്ടേ നഷ്ടപ്പെടുത്താൻ എന്നും സർക്കാരിന് പ്രതിഛായ ഉണ്ടായിട്ടില്ല എന്നും ചെന്നിത്തല പറഞ്ഞു. പി.ആർ ഏജൻസികൾ അന്തർദേശീയ മാധ്യമങ്ങളിൽ എഴുതിയാൽ പ്രതിഛായ ഉണ്ടാകില്ല. ഒരു സർക്കാരിന് പ്രതിഛായ ഉണ്ടാകുന്നത് സർക്കാർ ജനങ്ങൾക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്.

കേരളത്തിൽ കൺ‌സൽട്ടൻസി ഭരണമാണു നടക്കുന്നത്. യു.ഡി.എഫോ കോൺഗ്രസോ കൺസൽട്ടൻസികൾ നൽ‌കുന്നതിന് എതിരല്ല. വലിയ പദ്ധതികൾക്ക് ഒരു പക്ഷേ അതു ആവശ്യമായി വരാം. യു‍.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് അങ്ങനെയുണ്ടായിട്ടില്ല. ഇവിടെ തൊട്ടതിനും പിടിച്ചതിനുമെല്ലാം കൺസൽട്ടൻസിയാണ്. കെ.പി.എം.ജി, പി.ഡബ്ല്യു.സി, ഏണസ്റ്റ് ആൻഡ് യങ് എന്നീ ബഹുരാഷ്ട്ര കമ്പനികളാണ് ഇവിടെ കൺസൽട്ടൻസികളായി വന്നിട്ടുള്ളത്.

ബഹുരാഷ്ട്ര കുത്തക കമ്പനികളെ ക്ഷണിച്ചു കൊണ്ടുവരുന്നതിനെതിരായ നയമാണ് കമ്യൂണിസ്റ്റ് പാർട്ടികള്‍ കാലങ്ങളായി സ്വീകരിക്കുന്നത്. ആ പാർട്ടിയുടെ മുഖ്യമന്ത്രി ഇവിടം ഭരിക്കുമ്പോൾ കൺസൽട്ടൻസികൾക്കായി വഴിവിട്ട സഹായം ചെയ്യുന്നുവെന്നതാണ് ഇവിടത്തെ പ്രശ്നമെന്നും ചെന്നിത്തല പറഞ്ഞു.

0Shares