‘യുദ്ധം ജയിച്ചിട്ടും നിയന്ത്രണരേഖ മറികടക്കാതിരുന്നത് സമാധാനം ആഗ്രഹിച്ച്‌; ഭാവിയില്‍ നിയന്ത്രണരേഖ മറികടക്കാനും മടിയില്ല, അഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും’: മന്ത്രി രാജ്‌നാഥ് സിംഗ്

  • Post category:national / news
  • Reading time:1 min read
You are currently viewing ‘യുദ്ധം ജയിച്ചിട്ടും നിയന്ത്രണരേഖ മറികടക്കാതിരുന്നത് സമാധാനം ആഗ്രഹിച്ച്‌; ഭാവിയില്‍ നിയന്ത്രണരേഖ മറികടക്കാനും മടിയില്ല, അഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും’: മന്ത്രി രാജ്‌നാഥ് സിംഗ്

ലഡാക്ക്: അഭിമാനം സംരക്ഷിക്കാൻ രാജ്യം ഏതറ്റം വരെയും പോകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. രാജ്യത്തിൻ്റെ അഭിമാനം സംരക്ഷിക്കാൻ ഏതറ്റം വരെ പോകാനും രാജ്യം തയ്യാറാണ്. അതിനായി ഇനി നിയന്ത്രണരേഖ മറികടക്കാനും ഇന്ത്യ തയ്യാറാണ്. അത്തരമൊരു അവസരത്തില്‍ സേനയ്‌ക്കൊപ്പം നില്‍ക്കാൻ രാജ്യവും ജനതയും സന്നദ്ധമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ഗിലിലെ ദേശീയ യുദ്ധ സ്‌മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യ- യുക്രൈൻ യുദ്ധത്തെ ഉദാഹരിച്ചാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന. ഒരു വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ പൗരന്മാരുടെ പങ്ക് അദ്ദേഹം ഉന്നിപ്പറഞ്ഞു. ‘എൻ്റെ കര്‍ത്തവ്യത്തിന് മരണം തടസമായാലും ഞാൻ മരണത്തെയും കൊല്ലും’ എന്ന ക്യാപ്റ്റൻ മനോജ് പാണ്ഡെയുടെ വാക്കുകളെ ആര്‍ക്കാണ് മറക്കാനാവുകയെന്നും അദ്ദേഹം ചോദിച്ചു.

1999ല്‍ കാര്‍ഗിലില്‍ രാജ്യത്തെ സംരക്ഷിക്കാൻ സൈനികര്‍ കാണിച്ച ധീരത ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെടുമെന്നും അതിശൈത്യത്തില്‍ പോലും നമ്മുടെ സൈനികര്‍ തോക്കുകള്‍ താഴ്‌ത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘യുദ്ധം രണ്ട് സൈന്യങ്ങള്‍ തമ്മിലുള്ളതല്ല. രണ്ട് രാഷ്‌ട്രങ്ങള്‍ തമ്മിലുള്ളതാണ്.

1999 ജൂലൈ 26ന് യുദ്ധം ജയിച്ചിട്ടും നമ്മുടെ സൈന്യം നിയന്ത്രണരേഖ കടന്നില്ലെങ്കില്‍ അത് നമ്മള്‍ സമാധാന പ്രിയരായത് കൊണ്ടാണ്. ഇന്ത്യൻ മൂല്യങ്ങളില്‍ വിശ്വസിക്കുന്നത് കൊണ്ടും അന്താരാഷ്‌ട്ര നിയമത്തോട് പ്രതിബദ്ധത ഉള്ളതുകൊണ്ടുമാണ്. ആ സമയത്ത് നിയന്ത്രണരേഖ കടന്നില്ലെങ്കില്‍ അതിനര്‍ത്ഥം അതിന് സാധിക്കില്ല എന്നല്ലെന്നും, ആവശ്യമെങ്കില്‍ ഭാവിയില്‍ നിയന്ത്രണരേഖ മറികടക്കാൻ തായ്യാറാണെന്നും. ഇത് താൻ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഗില്‍ യുദ്ധം ഇന്ത്യയ്‌ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. ആ സമയത്ത് ഇന്ത്യ പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിച്ചിരുന്നു. നമ്മുടെ ദേശീയ താല്‍പര്യങ്ങളുടെ കാര്യത്തില്‍ നമ്മുടെ സൈന്യം ഒരിക്കലും പിന്നോട്ട് പോകില്ലെന്നും ഓപ്പറേഷൻ വിജയ് സമയത്ത്, ഇന്ത്യൻ സൈന്യം പാകിസ്‌താന്‌ മാത്രമല്ല ലോകത്തിനാകെ സന്ദേശം നല്‍കിയെന്നും ഇന്നും നമ്മുടെ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാൻ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണന്നും പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് കര്‍ഗില്‍ വിജയ് ദിവസില്‍ പറഞ്ഞു.

0Shares