അടിസ്ഥാന നിരക്കിൽ അഞ്ച് ശതമാനം വർദ്ധനവ്; സംസ്ഥാനത്ത് കുടിവെളള നിരക്ക് വർദ്ധിപ്പിക്കുന്നു; വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ

  • Post category:news
  • Reading time:1 min read
You are currently viewing അടിസ്ഥാന നിരക്കിൽ അഞ്ച് ശതമാനം വർദ്ധനവ്; സംസ്ഥാനത്ത് കുടിവെളള നിരക്ക് വർദ്ധിപ്പിക്കുന്നു; വെള്ളിയാഴ്ച  മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് കുടിവെള്ള നിരക്ക് വർദ്ധിപ്പിക്കുന്നു. അടിസ്ഥാന നിരക്കിൽ അഞ്ച് ശതമാനമാണ് വർദ്ധനവുണ്ടാകുന്നത്. ഇതോടെ ഗാർഹിക ഉപഭോക്താവ് 1000 ലിറ്ററിന് നാല് രൂപ 41 പൈസ എന്ന നിരക്ക് നൽകേണ്ടി വരും. പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ 1000 ലിറ്ററിന് നിരക്ക് നാല് രൂപ 20 പൈസയാണ്.

നേരത്തെ ഗാർഹികേതര ഉപഭോക്താക്കൾക്ക് ആയിരം ലിറ്ററിന് 15 രൂപ 75 പൈസയായിരുന്നു നൽകേണ്ടിയിരുന്നത്. ഇനി മുതൽ 16 രൂപ 54 പൈസ നൽകണം. വ്യാവസായിക കണക്ഷനുകൾക്ക് ആയിരം ലിറ്ററിന് 44.10 രൂപയാണ് പുതുക്കിയ നിരക്ക്. ഗാർഹിക, ഗാർഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനം വർദ്ധനവാണ് ജല അതോറിറ്റി നിശ്ചയിച്ചിരിക്കുന്നത്.

നിലവിൽ 5000 ലിറ്റർ വരെ വെള്ളത്തിന് 21 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനി മുതൽ 22.05 രൂപയാകും. പ്രതിമാസം പതിനായിരം ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നതിന് ഏഴ് സ്ലാബ് അടിസ്ഥാനമാക്കി ബില്ലിൽ അഞ്ച് ശതമാനം വർദ്ധനവാകും ഉണ്ടാവുക. സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ ഉയർത്തുന്നതിനുള്ള ഉപാധി എന്ന നിലയിലാണ് കുടിവെള്ള നിരക്ക് വർദ്ധിപ്പിക്കുന്നത്.

2021 മുതലാണ് ഇത്തരത്തിൽ നിരക്ക് വർദ്ധിപ്പിക്കാൻ ആരംഭിച്ചത്. അതേസമയം പ്രതിമാസം 15,000 ലിറ്റർ വരെ ഉപയോഗിക്കുന്ന ബി.പി.എൽ കുടുംബങ്ങൾക്കുള്ള സൗജന്യം തുടർന്നും ഉണ്ടാകും.

0Shares