
തിരുവനന്തപുരം: മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനലിൻ്റെ തിരുവനന്തപുരത്തെ ഓഫീസില്‍ പൊലീസ് റെയ്‌ഡിൽ മുഴുവൻ കമ്പ്യുട്ടറുകളും പൊലീസ് പിടിച്ചെടുത്തു. 29 കമ്പ്യുട്ടറുകള്‍, ക്യാമറകള്‍, ലാപ്ടോപ് എന്നിവയാണ് കൊച്ചി പൊലീസ് പിടിച്ചെടുത്തത്.
രാത്രി 12 മണിയോടെയാണ് റെയ്‌ഡ് നടന്നത്. മുഴുവൻ ജീവനക്കാരുടെയും ലാപ്ടോപ്പുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്ഥാപനത്തിലേക്ക് പ്രവേശിക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയായിരുന്നു നടപടി.

സംസ്ഥാനത്ത് പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുകയാണ്.
അതേസമയം ചാനല്‍ മേധാവി ഷാജൻ സ്‌കറിയയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും കൊച്ചി പൊലീസ് വ്യക്തമാക്കി. പി.വി ശ്രീനിജൻ എം.എല്‍.എക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പൊലീസിൻ്റെ നടപടി.
എസ്.സി- എസ്.ടി പീഡന നിരോധന നിയമം അനുസരിച്ചാണ് സംഭവത്തില്‍ കേസെടുത്തത്. കേസില്‍ ഷാജൻ മുൻകൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു.
