രാഹുലിന് പക്വതയില്ല; നയിക്കുന്നത് സ്തുതിപാഠകർ, തുറന്നടിച്ച് ഗുലാം നബി ആസാദ്, രാഹുലിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കും പ്രൈവറ്റ് സെക്രട്ടറിമാർക്കും പാർട്ടിയിൽ മുതിർന്ന നേതാക്കളേക്കാൾ വലിയ റോളുണ്ടെന്നും ആക്ഷേപം

  • Post category:national / news
  • Reading time:2 mins read
You are currently viewing രാഹുലിന് പക്വതയില്ല; നയിക്കുന്നത് സ്തുതിപാഠകർ, തുറന്നടിച്ച് ഗുലാം നബി ആസാദ്, രാഹുലിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കും പ്രൈവറ്റ് സെക്രട്ടറിമാർക്കും പാർട്ടിയിൽ മുതിർന്ന നേതാക്കളേക്കാൾ വലിയ റോളുണ്ടെന്നും ആക്ഷേപം

2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് കനത്ത തിരിച്ചടിയായി ഒരു മുതിർന്ന നേതാവ് കൂടി പാർട്ടി വിട്ടിരിക്കുകയാണ്. ജി-23യിലെ പ്രമുഖനായ ഗുലാം നബി ആസാദ് മുൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയാണ് പുറത്തേക്ക് പോകുന്നത്. പക്വതയില്ലാത്ത സമീപനമാണ് രാഹുല്‍ ഗാന്ധിക്ക് ഉള്ളതെന്നും, പാർട്ടിയിൽ അഭിപ്രായ രൂപീകരണം എന്ന പ്രക്രിയ നടക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. പാ‍ർട്ടിയിൽ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് 2020ൽ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ ജി-23 വിമത ഗ്രൂപ്പിലെ അംഗമാണ് ഗുലാം നബി ആസാദ്.

സംഘടനയിൽ അഴിച്ചുപണി നടക്കുന്നില്ലെന്നും നേതൃകാര്യങ്ങളിൽ സോണിയക്ക് ഒരു റോളുമില്ലെന്നും ഗുലാം നബി ആസാദ് തൻ്റെ രാജിക്കത്തിൽ പറയുന്നു. രാഹുൽ ഗാന്ധിയാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. രാഹുലിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കും പ്രൈവറ്റ് സെക്രട്ടറിമാർക്കും പോലും പാർട്ടിയിൽ മുതിർന്ന നേതാക്കളേക്കാൾ വലിയ റോളുണ്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു.

രാഹുലിൻ്റെ നേതൃത്വത്തിനെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉയർത്തുന്നുണ്ട്. പാർട്ടിയിൽ അഭിപ്രായ രൂപീകരണം എന്നൊന്ന് ഇല്ലാതായിരിക്കുന്നു. 2013ന് മുമ്പ് പാർട്ടിയിൽ പ്രധാന സ്ഥാനങ്ങൾ വഹിച്ചിരുന്ന മുതിർന്ന നേതാക്കളെയെല്ലാം ഒതുക്കി. മുഖസ്തുതിക്കാർക്കാണ് ഇപ്പോൾ സംഘടനയിൽ എല്ലാ നേട്ടവും ലഭിക്കുന്നത്. അവരാണ് പാർട്ടിയെ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് പാർട്ടിക്ക് ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നുവെന്നും പാർട്ടി അധ്യക്ഷനെ അഭിസംബോധന ചെയ്ത് എഴുതിയ അഞ്ച് പേജുള്ള രാജിക്കത്തിൽ ഗുലാം നബി ആസാദ് പറയുന്നു. ആരോഗ്യ കാരണങ്ങളാൽ ജമ്മു കാശ്മീർ പാർട്ടിയുടെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിയുകയാണെന്ന് അദ്ദേഹം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

“സംഘടനാ തെരഞ്ഞെടുപ്പ് സമ്പൂർണമായി പ്രഹസനമായി മാറിയിരിക്കുന്നു. രാജ്യത്തെ പാർട്ടിയുടെ ഒരു ഘടകത്തിലും സുതാര്യമായി സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നില്ല. എഐസിസി നേരത്തെ തീരുമാനിക്കുന്നതിന് അനുസരിച്ച് സ്തുതിപാഠകരുടെ പിന്തുണയോടെ ചിലർ പാർട്ടിയുടെ സംഘടന ചുമതലകളിലേക്ക് വരികയാണ് ചെയ്യുന്നത്,” അദ്ദേഹം കത്തിൽ എഴുതി.

കോൺഗ്രസിൻ്റെ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ വീണ്ടും മാറ്റിവെച്ച് ദിവസങ്ങൾ കഴിയുമ്പോഴാണ് ഗുലാം നബിയുടെ രാജി. കോൺഗ്രസിൻ്റെ ഉന്നത നേതൃത്വം ഭാരത് ജോഡോ യാത്രയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഒരിക്കൽ കൂടി പാർട്ടിയെ നയിക്കാൻ രാഹുൽ ഗാന്ധിക്ക് അവസരം നൽകണമെന്നും അവർ ആഗ്രഹിക്കുന്നുണ്ട്.

കത്തിലുടനീളം രാഹുലിനെ കടന്നാക്രമിക്കാൻ തന്നെയാണ് ഗുലാം നബി ആസാദ് ശ്രമിക്കുന്നത്. ദേശീയ തലത്തിൽ ബി.ജെ.പിയോടും സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളോടുമൊക്കെ എതിരിട്ടാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. “എല്ലാത്തിനും കാരണം കഴിഞ്ഞ എട്ട് വർഷം കാര്യങ്ങളെ ഒട്ടും ഗൗരവമില്ലാതെ സമീപിക്കുന്ന ഒരാൾ പാർട്ടിയുടെ തലപ്പത്ത് വന്നുവെന്നതാണ്,” അദ്ദേഹം പറഞ്ഞു. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ സ്ഥാനം രാജിവെച്ച രാഹുലിൻ്റെ തീരുമാനം കാര്യങ്ങൾ വഷളാക്കുകയാണ് ചെയ്തത്. യു.പി.എ തകർന്നത് പോലെ തന്നെയാണ് കോൺഗ്രസും തകർന്നതെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേർത്തു.

0Shares