
മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ ജാമ്യം നീട്ടി. കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ മെയ് മൂന്നിന് പരിഗണിക്കും. സൂറത്തിലെ കോടതിയിൽ രാഹുൽ നേരിട്ടെത്തിയാണ് അപ്പീൽ സമർപ്പിച്ചത്. സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ സെഷൻസ് കോടതിയിൽ അപ്പീലും ശിക്ഷയും കുറ്റവും മരവിപ്പാക്കാനുള്ള അപേക്ഷയും നൽകി.
പ്രിയങ്ക ഗാന്ധിക്കും മൂന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാർക്കും മറ്റ് കോൺഗ്രസ് നേതാക്കളും ഒപ്പമാണ് രാഹുൽ കോടതിൽ എത്തിയത്. ശിക്ഷാ വിധിയിൽ പാളിച്ചയുണ്ടെന്നും കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നുമാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. മുതിർന്ന അഭിഭാഷകൻ ആർ. എസ് ചീമയാണ് അദ്ദേഹത്തിനു വേണ്ടി കോടതിയിൽ ഹാജരായത്.

മനു അഭിഷേക് സിങ്‌വി, പി. ചിദംബരം, സൽമാൻ ഖുർഷിദ് എന്നിവരടങ്ങുന്ന പാർട്ടിയുടെ തന്നെ അഞ്ചംഗ നിയമ വിദഗ്ദ സംഘമാണ് രാഹുൽ ഗാന്ധിക്കായി അപ്പീൽ തയ്യാറാക്കിയത്. 2019 ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോലാറിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി ‘മോദി’ സമുദായത്തെ അപകീർത്തിപ്പെടുത്തി എന്നാണ് കേസ്. ബി.ജെ.പി എം.എൽ.എ പൂർണേഷ് മോദിയുടെ പരാതിയിലാണ് സൂറത്ത് കോടതി രണ്ടു വർഷം തടവ് ശിക്ഷ വിധിച്ചത്. വിധിക്ക് പിന്നാലെ ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു.
