ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുമെന്ന് രാഹുൽ ഗാന്ധി; അയോഗ്യതക്ക് ശേഷം ആദ്യമായി രാഹുലും പ്രിയങ്കയും വയനാട്ടിൽ, വൻ സ്വീകരണം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുമെന്ന് രാഹുൽ ഗാന്ധി; അയോഗ്യതക്ക് ശേഷം ആദ്യമായി രാഹുലും പ്രിയങ്കയും വയനാട്ടിൽ, വൻ സ്വീകരണം

കൽപറ്റ / വയനാട്: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നരേന്ദ്ര മോദി സർക്കാരിനെതിരെ വയനാട്ടിൽ പ്രസംഗിച്ചു. അയോഗ്യത നടപടി നേരിട്ടതിന് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി മണ്ഡലത്തിലെ വോട്ടർമാരെ കാണാൻ എത്തിയത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഇരുവരും ഹെലികോപ്ടറിലാണ് കൽപറ്റയിലെത്തിയത്. കൽപറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂൾ പരിസരത്ത് നിന്ന് റോഡ് ഷോ നടത്തി. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു റോഡ് ഷോ.

ഹെലികോപ്റ്ററിൽ ഇറങ്ങിയ ഇരുവരെയും പതിനായിരങ്ങൾ ആർപ്പുവിളികളോടെ സ്വീകരിച്ചു. തുടർന്ന് തുറന്ന വാഹനത്തിൽ കൈനാട്ടി ബൈപ്പാസ് റോഡ് ജങ്ഷനിലൊരുക്കിയ സമ്മേളന നഗരിയിലേക്ക് ആനയിച്ചു. എം.പിയായ ശേഷം പലതവണ രാഹുൽ മണ്ഡലത്തിൽ എത്തിയിട്ടുണ്ടെങ്കിലും ഇത്തവണ വന്നത് ഏറെ വൈകാരിക പശ്ചാത്തലത്തിലാണ്.

രാഹുൽ ഗാന്ധി, നിലവിൽ എം.പിയല്ല. മാനഷ്ട കേസുമായി ബന്ധപ്പെട്ട സൂറത്ത് കോടതി വിധിയു​ടെ പിന്നാലെ പാർലമെണ്ടിൽ നിന്ന് അയോഗ്യനാക്കിയ ശേഷം ആദ്യമായാണ് വയനാടിൻ്റെ മണ്ണിലെത്തിയത്.

ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുമെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു. വയനാട്ടുകാർ സഹോദരനെ പോലെ തന്നെ സ്വീകരിച്ചുവെന്നും രാഹുൽ പറഞ്ഞു. രാഹുൽ ഗാന്ധിയോടൊപ്പം സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, മോൻസ് ജോസഫ് എം.എൽ.എ, എൻ.കെ പ്രേമചന്ദ്രൻ എം.പി, സി.പി ജോൺ തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം വേദിയിൽ സന്നിഹിതരായി.

0Shares