
സോഷ്യൽ മീഡിയയിൽ ബി.ജെ.പിക്കുള്ള മേധാവിത്വം ചെറുക്കാനും കോൺഗ്രസിന്‍റെ ആശയങ്ങൾ പ്രചരിപ്പിക്കാനുമായി സൈബർ പോരാളികളെ റിക്രീട്ട് ചെയ്യാൻ രാഹുൽ ഗാന്ധി ഒരുങ്ങുന്നു. ആർമി ഓഫ് ട്രൂത്ത് എന്നു വിളിപ്പേരിട്ടിരിക്കുന്ന ഈ സൈബർ സേനയിൽ ചേർന്ന് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ട്രോളുകളുമായി പോരാടുന്നതിന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ യുവാക്കളെ ക്ഷണിച്ചു.

ആർമി ഓഫ് ട്രൂത്തിലേക്ക് അഞ്ചുലക്ഷത്തോളം സൈബർ പോരാളികളെ കോൺഗ്രസ് റിക്രൂട്ട് ചെയ്യുമെന്നാണ് സൂചനകൾ. ”ഈ രാജ്യത്തിനെതിരായ ആക്രമണത്തിന്‍റെ നട്ടെല്ല് ഒരു ട്രോൾ സൈന്യമാണ്. വിദ്വേഷം, പക എന്നിവ പ്രചരിപ്പിക്കുന്നതിന് ആയിരക്കണക്കിന് ആളുകൾക്ക് അതിനുള്ള പ്രതിഫലം ലഭിക്കുന്നുണ്ട്’. കഴിഞ്ഞദിവസം രാഹുലിന്റേതായി പുറത്തുവന്ന വിഡിയോ സന്ദേശത്തിൽ പറയുന്നു.
അനുകമ്പ, സമാധാനം, ഐക്യം, വാൽസല്യം തുടങ്ങിയ ആശയങ്ങൾ സംരക്ഷിക്കുന്നതിനും ലിബറൽ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും തനിക്ക് പോരാളികൾ ആവശ്യമാണെന്ന് രാഹുൽ സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഐക്യത്തിനും അനുകമ്പയ്ക്കും സത്യത്തിനും വേണ്ടി പോരാടുന്നതിനായി അഹിംസ ആയുധമാക്കിയ പോരാളികൾ ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് രാഹുൽ പറയുന്നു. കോൺഗ്രസിന്‍റെ സാമൂഹ്യമാധ്യമ കൂട്ടായ്മയിൽ പങ്കുചേരാനും രാഹുൽ ട്വീറ്റിൽ അഭ്യർഥിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് നിങ്ങളെ ആവശ്യമാണ്.രാഹുൽ പറയുന്നു.
