
വയനാട്: റായ്ബറേലിയിലോ, വയനാട്ടിലോ എവിടെയാണ് എം.പിയായി തുടരുക എന്ന ആകാംക്ഷയ്ക്കിടെ, രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിൽ. റോഡ് ഷോയിൽ ആയിരകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
മലപ്പുറം ജില്ലയിലെ എടവണ്ണയിലും കല്പറ്റയിലുമാണ് സ്വീകരണ പരിപാടി. വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറയാനാണ് രാഹുലെത്തിയത്. പക്ഷേ, നന്ദി പറയല്‍ ചടങ്ങ് മണ്ഡലത്തില്‍ നിന്നുള്ള വിടവാങ്ങല്‍ പ്രസംഗമാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കിയത്.

റായ്ബറേലിയില്‍ തുടരണമെന്നാണ് ഇന്ത്യ മുന്നണിയുടേയും എ.ഐ.സി.സിയുടേയും അഭിപ്രായമെങ്കിലും രാഹുല്‍ ഗാന്ധി ഇതുവരെ മനസ്സുതുറന്നിട്ടില്ല. അദ്ദേഹത്തിന് വയനാട്ടില്‍ തുടരാനാണ് താത്പര്യമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. വയനാടിനോടുള്ള അദ്ദേഹത്തിൻ്റെ വൈകാരിക അടുപ്പം തന്നെയാണ് കാരണം.
എം.പിസ്ഥാനത്തു നിന്ന് അയോഗ്യനായ അവസരത്തിലും ഒപ്പം നിന്ന വയനാട്ടുകാരെ ഒഴിവാക്കാനാവില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. പക്ഷേ, യു.പിയില്‍ എന്‍.ഡി.എ മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തില്‍ രാഹുല്‍ റായ്ബറേലിയില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിതനാവും. ഏത് മണ്ഡലമാണെന്ന കാര്യത്തില്‍ 17നകം അന്തിമ തീരുമാനമെടുക്കണം.
വയനാട് നിലനിര്‍ത്തണമെന്ന പൊതുവികാരം ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരുന്നു. രാഹുല്‍ ഒഴിയുകയാണെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ ഇവിടെ സ്ഥാനാര്‍ഥി ആക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. രാഹുല്‍ നിലപാട് വ്യക്തമാക്കാത്തതിനാല്‍ എന്താകും സംഭവിക്കുകയ എന്നതില്‍ അവ്യക്തത തുടരുകയാണ്.
