
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെണ്ട് പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി പാര്‍ലമെണ്ടില്‍ നാണമില്ലാതിരുന്ന് ചിരിക്കുകയായിരുന്നെന്നും പ്രധാനമന്ത്രി വെറും രാഷ്ട്രീയക്കാരനായല്ല സംസാരിക്കേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘വെള്ളിയാഴ്‌ച പ്രധാനമന്ത്രി പാര്‍ലമെണ്ടില്‍ രണ്ട് മണിക്കൂറും 13 മിനിറ്റും സംസാരിച്ചു. അതില്‍ വെറും രണ്ട് മിനിട്ട് മാത്രമാണ് മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത്. മണിപ്പൂര്‍ മാസങ്ങളായി കത്തിക്കൊണ്ടിരിക്കുന്നു. ആളുകള്‍ കൊല്ലപ്പെടുന്നു, ബലാത്സംഗങ്ങള്‍ നടക്കുന്നു, പക്ഷേ പ്രധാനമന്ത്രി ചിരിച്ചു, തമാശകള്‍ പറഞ്ഞു.’- രാഹുല്‍ ഗാന്ധി പറഞ്ഞു.
രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യൻ സൈന്യത്തിന് ഈ വിഡ്ഢിത്തം അവസാനിപ്പിക്കാനാകുമെന്നും എന്നാല്‍ മണിപ്പൂരിനെ കത്തിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും തീ കെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
