
ഇ.വി.എം ഇല്ലെങ്കിൽ ബി.ജെ.പിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദി നല്ല നടനാണ്. രാജാവിൻ്റെ ആത്മാവ് ഇ.വി.എമ്മിൽ ആണെന്നും ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന വേദയിൽ സംസാരിക്കവെ രാഹുൽ പറഞ്ഞു.
ബോളിവുഡിനെ വെല്ലുന്ന നടനാണ് നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇ.വി.എം മെഷീൻ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കാണിക്കാനും വി.വി പാറ്റ് എണ്ണാനും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അനുമതി ലഭിച്ചില്ല. ഇ.വി.എമ്മിൻ്റെ പരിമിതികൾ തീർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് താത്പര്യമില്ല. ഒരു ശക്തിക്കെതിരെയാണ് നമ്മുടെ പോരാട്ടം.

മോദിക്കോ ബി.ജെ.പിക്കോ എതിരെയല്ല. മോദി ആ ശക്തിയുടെ മുഖംമൂടി മാത്രമാണ്. മണിപ്പൂരിൽ ആ ശക്തി ആഭ്യന്തരയുദ്ധം നടത്തുന്നു. മഹാരാഷ്ട്രയിലെ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടപ്പോൾ അദ്ദേഹം കരഞ്ഞു കൊണ്ട് സോണിയ ഗാന്ധിയോട് പറഞ്ഞത് തനിക്ക് ജയിലിൽ പോകാൻ ധൈര്യമില്ല എന്നാണ്. ഭയന്നിട്ടാണ് എല്ലാവരും പാർട്ടികൾ വിടുന്നത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മാധ്യമങ്ങളോ സോഷ്യൽ മീഡിയയോ സത്യം പറയുന്നില്ല. ആശയവിനിമ സംവിധാനങ്ങളെ നിയന്ത്രിക്കുന്നു. അതുകൊണ്ടാണ് ജനങ്ങളുമായി സംവദിക്കാൻ രാജ്യത്തുടനീളം യാത്ര നടത്തേണ്ടി വന്നത്. ശിവസേനയിലും എൻ.സി.പിയിലും പിളർപ്പുണ്ടാക്കിയത് ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിച്ചാണ് എന്നും രാഹുൽ പറഞ്ഞു.
