
കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ യുവാക്കള്‍ക്കായി യുവനിധി സ്‌കീം നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം. ബെലഗാവിയില്‍ സംഘടിപ്പിച്ച യുവക്രാന്തി സമാവേശ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്.
ബിരുദ യോഗ്യതയുള്ള തൊഴില്‍ രഹിതര്‍ക്ക് രണ്ടു വര്‍ഷത്തേക്ക് പ്രതിമാസം 3000 രൂപ തൊഴിലില്ലായ്മ വേതനം പദ്ധതിയിലൂടെ ലഭിക്കും. ഡിപ്ലോമ യോഗ്യതയുള്ള തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസം 1500 രൂപ അലവന്‍സായി നല്‍കും. സംസ്ഥാന കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്ന നാലാമത്തെ സാമൂഹ്യ ക്ഷേമ പരിപാടിയാണ് യുവനിധി.

ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 10 കിലോ അരി സൗജന്യമായി നല്‍കുന്ന ‘അന്ന ഭാഗ്യ’ പദ്ധതി, വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുന്ന ‘ഗൃഹ ലക്ഷ്മി’ പദ്ധതി, 200 യൂണിറ്റ് വൈദ്യുതി എല്ലാ വീടുകള്‍ക്കും സൗജന്യമായി നല്‍കുന്ന പദ്ധതി എന്നിവയും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
