
തൃശൂര്‍ / പാലക്കാട്: പേവിഷ ബാധയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു. പാലക്കാട് കോളജ് വിദ്യാര്‍ഥിനിയും തൃശൂര്‍ പെരിഞ്ഞനത്ത് ഗൃഹനാഥനുമാണ് മരിച്ചത്.
പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടില്‍ സുഗുണന്- സിന്ധു ദമ്പതികളുടെ മകളായ ശ്രീലക്ഷ്മി (19)യെ മേയ് 30ന് രാവിലെ കോളജിലേക്ക് പോകുന്നതിനിടെയാണ്, അയല്‍വീട്ടിലെ നായ കടിച്ചത്. കൈയില്‍ ആഴത്തിലുള്ള മുറിവേറ്റിരുന്നു.
തുടര്‍ന്ന് ജില്ലാ ആശുപത്രി, ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രി, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് വാക്സിനുകളും എടുത്തു. പേവിഷ ബാധയുടെ യാതൊരു ലക്ഷണവും ഇല്ലാതിരുന്ന ശ്രീലക്ഷ്മി തുടര്‍ച്ചയായി കോളജില്‍ പോവുകയും ചെയ്തു. 27നാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്ന് അവസാനത്തെ ഡോസ് കുത്തിവയ്പ്പ് എടുത്തത്.

28ന് സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ ചെറിയ തോതില്‍ പനിയും അസ്വസ്ഥതകളും തുടങ്ങി. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്‌ച പുലര്‍ച്ചെയാണ് മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ ബിസിഎ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി.
അതേസമയം, നായ ഉടമയെയും കടിച്ചിരുന്നെങ്കിലും ഇയാള്‍ക്ക് യാതൊരു ആരോഗ്യ പ്രശ്നങ്ങളും
ഉണ്ടായിട്ടില്ല. തൃശൂര്‍ പെരിഞ്ഞനത്ത് കോവിലകം സ്വദേശി പതുക്കാട്ടില്‍ ഉണ്ണിക്കൃഷ്ണന് (60) ആണ് പേവിഷ ബാധയിൽ മരിച്ചത്. മൂന്നുമാസം മുമ്പാണ് വളര്‍ത്തുനായയുടെ കടിയേറ്റത്. പിന്നീട് നായ ചത്തു.
ഏതാനും ദിവസം മുമ്പ് അസ്വസ്ഥത തോന്നിയ ഉണ്ണിക്കൃഷ്ണനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയില്‍ പേവിഷ ബാധ സ്ഥിരീകരിച്ചു. വ്യാഴാഴ്‌ച ഉച്ചയോടെ ഇദ്ദേഹം
മരിച്ചതായി വിവരത്തെ തുടർന്ന് സംസ്കാര ചടങ്ങുകള്‍ക്കായി ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. പിന്നീട്
വൈകുന്നേരത്തോടെയാണ് മരണം സ്ഥിരീകരിച്ചത്. ദീപയാണ് ഭാര്യ. ആരതി,
കൃഷ്ണ മക്കളാണ്.
ഈ വര്‍ഷം ഒരാളെപ്പോലും രക്ഷിക്കാനായില്ല
ഇക്കഴിഞ്ഞ ആറ് മാസത്തിനിടെ പേവിഷബാധയേറ്റ 13 ല്‍ 13 പേരും മരിച്ചു. ഈ മാസം മാത്രം പേവിഷ ബാധ സ്ഥിരീകരിച്ച മൂന്നില്‍ മൂന്ന് പേരും മരിച്ചു. 100 ശതമാനം മരണ നിരക്കിലേക്ക് എത്തിയതില്‍ ഗൗരവമുള്ള അന്വേഷണം വേണമെന്നാണ് വിദഗ്ദര്‍ ആവശ്യപ്പെടുന്നത്.
മെയ്, ജൂണ്‍ മാസങ്ങളിലാണ് പേവിഷ ബാധയേറ്റുള്ള മരണം മുക്കാലും. ഈ വര്‍ഷം ഏപ്രില്‍ പത്തുവരെ ഉള്ള സമയത്ത് വെറും മൂന്നുപേര്‍ക്കാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.മൂന്നുപേരും മരിച്ചു. ഇന്നലെ വരെ 13 പേരായി. 13 പേരും മരിച്ചു. പേവിഷ ബാധയേറ്റാല്‍ മരിക്കുമെന്ന നിലയില്‍ സംസ്ഥാനത്തെ എത്തിച്ചതില്‍ വിവിധ ഘടകങ്ങളുണ്ടാകാമെന്ന് വിദഗ്ര്‍ പറയുന്നു.

മുഴുവന്‍ വാക്സിനേഷനും എടുത്ത ശേഷമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ, വാക്സിന്‍ ഗുണമേന്മ പരിശോധിക്കണമെന്നാണ് വിദഗ്ര്‍ പറയുന്നത്. വാക്സിന്‍ സൂക്ഷിക്കുന്നത്, കൈകാര്യം ചെയ്യുന്നത്, കുത്തിവെയ്പ്പ് എന്നിവയിലും പരിശോധന വേണം. വാക്സിനെടുത്താലും പ്രതിരോധം രൂപപ്പെടാന്‍ ഒരാഴ്ച്ചവരെ സമയമെടുക്കാം. അതുവരെ സുരക്ഷിതമായിരിക്കാന്‍ ഇമ്യൂണോ ഗ്ലോബുലിന്‍ പോലുള്ളവ നല്‍കിയിട്ടുണ്ടോ എന്നതും അന്വേഷിക്കണം. പ്രതിരോധം രൂപപ്പെടുന്നതുവരെ വൈറസിനെ നിഷ്ക്രിയമാക്കാന്‍ ഐ.ഡി.ആര്‍.വി, മോണോക്ലോണല്‍ ആന്റിബോഡി ഉള്‍പ്പടെ നല്‍കാറുണ്ട്.
കടിയേറ്റ ഭാഗത്ത് തന്നെ കുത്തിവെപ്പ് നല്‍കി, വൈറസിനെ നിഷ്ക്രിയമാക്കുന്ന കുത്തിവെയ്പ്പിന് നല്ല വൈദഗ്ദ്യം വേണം. ഇത് സങ്കീര്‍ണമാണ്. ഇതിലെ വീഴ്ച്ചകളും മരണത്തിനിടയാക്കാം. ഒപ്പം മുഖം, കഴുത്ത് പോലെ അപകട സാധ്യത കൂടിയ സ്ഥലങ്ങളില്‍ കടിയേല്‍ക്കുന്നതാണ് മറ്റൊരു പ്രശ്നം. ഇത് വേഗത്തില്‍ തലച്ചോറിനെ ബാധിക്കും. മാത്രവുമല്ല, ഈ ഭാഗങ്ങളില്‍ കടിയേല്‍ക്കുമ്പോള്‍ കടിയേറ്റ ഭാഗത്ത് തന്നെ ഇഞ്ചക്ഷന്‍ നല്‍കുന്നത് ബുദ്ധിമുട്ടാണ്. ഇതും മരണത്തിനിടയാക്കാം.

വീട്ടിലെ വളര്‍ത്തു നായ്ക്കൾ ആകുമ്പോള്‍ നിസാര പോറലുകള്‍ അവഗണിക്കുന്നതും, വാക്സിനെടുക്കുന്നതില്‍ കാലതാമസം വരുത്തുന്നതും അപകട കാരണമാകാമെന്നും വിദഗ്ദര്‍ പറയുന്നു. പാലക്കാട്ടെ മരണത്തില്‍ ഇതിലേതാണ് കാരണമായതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഏതായാലും മുഴുവന്‍ വാക്സിനെടുത്തിട്ടും ആളുകള്‍ മരിക്കുന്നതും, പേവിഷ ബാധയല്‍ക്കുന്ന എല്ലാവരും മരിക്കുന്നതും കേരളത്തിൻ്റെ ആരോഗ്യമേഖലയ്ക്ക് അപായ സൂചനയാണ്. ഇതാണ് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് വിദഗ്ദര്‍ പറയുന്നത്.
സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പാലക്കാട് ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ ദ്രുതകര്‍മസേന രൂപവത്കരിച്ചാണ് അന്വേഷിക്കുക.
