
പ്രതിഷേധിക്കുന്ന കർഷകർ ഉന്നയിക്കുന്ന എല്ലാ പ്രശ്നങ്ങളും ആവശ്യങ്ങളും ഉപാധികളോടെ ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശത്തെ തള്ളി പ്രതിഷേധക്കാർ. ഉപാധികളോടെയുള്ള ചര്‍ച്ചയ്ക്ക് തയ്യാറല്ല എന്ന് ചൂണ്ടിക്കാണിച്ച് 30 കര്‍ഷക സംഘടനകളാണ് അമിത് ഷായുടെ നിര്‍ദ്ദേശം തള്ളിയത്.
ബുറാഡിയിലെ സമരവേദിയിലേക്കു മാറില്ലെന്നും ചർച്ച വേണമെങ്കിൽ സമരവേദിയിലേക്കു വരണമെന്നും കർഷക സംഘടനകൾ അറിയിച്ചു. ഇതിന് പുറമേ കാര്‍ഷിക പരിഷ്‌കരണങ്ങളെ ന്യായീകരിച്ച് കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍കിബാത്തും കര്‍ഷകരുടെ തീരുമാനത്തെ സ്വാധീനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കര്‍ഷകരുടെ എല്ലാ പ്രശ്നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെയാണ് വ്യക്തമാക്കിയത്. ഡിംസംബര്‍ 3ന് മുന്‍പ് കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. ചര്‍ച്ച നടത്തണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലത്തേക്ക് സമരം മാറ്റണം. പ്രക്ഷോഭം നടത്താന്‍ പോലീസ് സൗകര്യം നല്‍കും. കര്‍ഷകരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ശ്രദ്ധാപൂര്‍വം പരിഗണിക്കുമെന്നും അമിത് ഷാ പറഞ്ഞു.
കാർഷിക നിയമഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് കർഷകരുടെ പ്രതിഷേധം ശക്തമാവുമ്പോൾ പ്രതികരണവുമായി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. നിയമഭേദഗതി കർഷക നന്മയ്ക്കെന്നും പുതിയ അവകാശങ്ങൾ കർഷകർക്ക് ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ പരിപാടിയായ മൻ കി ബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. വിശദമായ ചർച്ചകൾക്ക് ശേഷമാണ് പുതിയ നിയമം നടപ്പാക്കിയതെന്നും പറഞ്ഞ പ്രധാനമന്ത്രിയുടെ പ്രതികരണവും അമിത് ഷാ വിളിച്ച ചർച്ച തള്ളുന്നതിന് കാരണമായെന്നാണ് വിവരം.
