വിശ്വ മഹാകവി രവീന്ദ്രനാഥ ടാഗോറിനെ അപമാനിച്ചു; സംഘപരിവാർ നീക്കത്തിൽ പ്രതിഷേധിക്കുക, പുരോഗമന കലാസാഹിത്യ സംഘം

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing വിശ്വ മഹാകവി രവീന്ദ്രനാഥ ടാഗോറിനെ അപമാനിച്ചു; സംഘപരിവാർ നീക്കത്തിൽ പ്രതിഷേധിക്കുക, പുരോഗമന കലാസാഹിത്യ സംഘം

വിശ്വ മഹാകവി രവീന്ദ്രനാഥ ടാഗോറിനെ അപമാനിച്ച സംഘപരിവാർ ഭരണകൂട നീക്കത്തിൽ പ്രതിഷേധമുയർത്തണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.

യുനെസ്കോയുടെ ലോക പൈതൃക ചരിത്രത്തിൽ ശാന്തിനികേതൻ ഇടം നേടിയതിൽ ഇന്ത്യക്കാരെല്ലാം അഭിമാനിക്കുന്നു. ശാന്തിനികേതൻ വിഭാവനം ചെയ്‌തതും സ്ഥാപിച്ചതും മഹാകവി രവീന്ദ്രനാഥ ടാഗോറാണ്.

നോബൽ സമ്മാനം നേടിയ രവീന്ദ്രനാഥ ടാഗോർ ഇന്ത്യയുടെ മാത്രമല്ല ലോകത്തിൻ്റെയും എല്ലാ കാലത്തേയും അഭിമാനമാണ്. ശാന്തിനികേതനിലെ ശിലാഫലകത്തിൽ മഹാകവി രവീന്ദ്രനാഥ ടാഗോറിൻ്റെ പേരില്ലാതെ, പ്രധാനമന്ത്രിയുടെയും വൈസ്. ചാൻസലരുടെയും പേര് മാത്രം വെക്കുകയും ചെയ്‌ത നടപടി നിന്ദ്യവും ചരിത്ര നിരാസവുമാണ്. ലോകത്തിന് മുന്നിൽ വീണ്ടും ഇന്ത്യ അപമാനിക്കപ്പെടുകയാണ്.

ജവഹർലാൽ നഹ്റുവിനെ ഇന്ത്യാ ചരിത്രത്തിൽ നിന്നു മായ്ച്ചുകളയാൻ സംഘപരിവാർ
നടത്തിയ ശ്രമങ്ങൾ ലോകം കണ്ടതാണ്. മഹാത്മാ ഗാന്ധിയുടെ ഓർമ്മകൾ പോലും ഇല്ലാതാക്കുക അവരുടെ ലക്ഷ്യമാണ്. മാനവികതയുടെയും, മതനിരപേക്ഷതയുടെയും ഇന്ത്യ സൃഷ്ടിക്കാൻ ത്യാഗപൂർവം പ്രവർത്തിച്ച മഹാന്മാരെയെല്ലാം ചരിത്രത്തിൽ നിന്നു മായ്ച്ചുകളയാനാണ് സംഘപരിവാർ നയിക്കുന്ന ഭരണകൂടം ശ്രമിക്കുന്നത്.

വിശ്വ മഹാകവി രവീന്ദ്രനാഥ ടാഗോർ അതിർത്തികൾ ഇല്ലാത്ത മനുഷ്യ സ്നേഹത്തിൻ്റെ ചരിത്രത്തിലെ ഉജ്ജ്വലമായ നക്ഷത്ര വെളിച്ചമാണ്. ലോകം ഒരു പക്ഷിക്കൂടാണ് എന്ന സന്ദേശമാണ് മഹാകവി നമുക്ക് നൽകിയത്. മരണമില്ലാത്ത സ്വാതന്ത്ര്യ ബോധത്തിൻ്റെ പ്രതീകമാണ് ടാഗോർ ലോകത്തിന് നൽകിയ സർഗാത്മകത. മനുഷ്യനുള്ള കാലത്തോളം ടാഗോറിനെ മായ്ച്ചു കളയാനാവില്ല.

ചരിത്രത്തിൽ നിന്നും വിശ്വ മഹാകവി രവീന്ദ്രനാഥ ടാഗോറിനെ മായ്ച്ചു കളയാനുള്ള സംഘപരിവാർ അജണ്ടക്കെതിരെ എഴുത്തുകാരും കലാകാരന്മാരും സാംസ്‌കാരിക പ്രവർത്തകരും പ്രതിഷേധം ഉയർത്തണമെന്ന്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.

0Shares