
കാസർകോട്: കുമ്പള ആരിക്കാടി ടോൾ പ്ലാസയിൽ കഴിഞ്ഞ ദിവസം യുവാവിനോട് പോലീസ് കാണിച്ച നടപടിയിൽ പ്രതിഷേധം കടുപ്പിച്ച് യു.ഡി.എഫ്. പോലീസിനെതിരെ കുമ്പള സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തുകയാണ് യു.ഡി.എഫ് പ്രവർത്തകർ. യുവാവിനോട് പോലീസ് കൊടും ക്രൂരതയാണ് കാട്ടിയതെന്ന് സമരക്കാർ ആരോപിച്ചു. ഭീകരനെ കൊണ്ടുപോകുന്നത് പോലെ ഭീകര അന്തരീക്ഷമാണ് പോലീസ് ഉണ്ടാക്കിയത്. ചെറിയ കൈകുഞ്ഞും ഭാര്യയും കുടുംബവും കൂടെയുണ്ടായിട്ടും ഒരു ദയയും കാണിച്ചില്ല. ഈ സംഭവങ്ങൾ കാണുമ്പാൾ ടോൾ കമ്പനിക്ക് വേണ്ടിയാണ് സി.ഐ പ്രവർത്തിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുമ്പള പോലീസ് നടപടിയെ സമരക്കാർ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തി.

ധർണ്ണ കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് ബി സുബയ്യ ഉദ്ഘാടനം ചെയ്തു. പോലീസ് നടപടിയിലെ നിയമവിരുദ്ധ പ്രശ്നങ്ങൾ അദ്ദേഹം വിശദീകരിച്ചു. അസീസ് മരിക്ക അധ്യക്ഷത വഹിച്ചു. നേതാക്കളായ മഞ്ജുനാഥ ആൾവ, വി.പി അബ്ദുൽ ഖാദർ ഹാജി, സൈഫുള്ള തങ്ങൾ, എ.കെ ആരിഫ്, അഷ്റഫ് കാർള, ജെ.എസ്. സോമ ശേഖര, പൃഥ്വിരാജ്, പി.കെ മുഹമ്മദ്, താഹിറ, ലക്ഷ്മണപ്രഭു തുടങ്ങിയവർ പ്രസംഗിച്ചു.
